ഇടുക്കി : പ്രതികൂല കാലാവസ്ഥയും വില തകർച്ചയും മൂലം മലയോര മേഖലയിലെ ഏലം കർഷകർക്ക് ഈ ഓണവും കണ്ണീരിലാണ്. കിലോയ്ക്ക് 4,000 രൂപ വരെ വില ലഭിച്ചിരുന്ന എലയ്ക്ക 700 രൂപയിലേയ്ക്ക് താഴ്‌ന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏലം പ്രതിസന്ധികളിൽ ഇടപെടാതെ കർഷകരെ അവഗണിക്കുന്നതായും ആക്ഷേപമുണ്ട്.
വളം, കീടനാശിനി എന്നിവയ്ക്ക് കമ്പനികൾ വർധിപ്പിച്ച വില നിലവില്‍ ഉയർന്ന് തന്നെ നിൽക്കുകയാണ്. ഇരട്ടിയിലധികം വില വർധിപ്പിച്ച കമ്പനികൾ ഏലം വില കൂപ്പുകുത്തിയപ്പോൾ പോലും വില കുറയ്ക്കാൻ തയ്യാറായില്ല. വളം, കീടനാശിനി കമ്പനികൾ വില വർധിപ്പിച്ചത് നിയന്ത്രിക്കാൻ കഴിയാതെ സർക്കാർ സംവിധാനം പരാജയപ്പെടുകയും ചെയ്‌തു.
ഇതിന് പിന്നാലെയാണ് കർഷകർക്ക് ഇരട്ടി പ്രഹരമായി മാസങ്ങളായി തുടരുന്ന കനത്ത മഴയും. മഴമൂലം ഏലത്തോട്ടങ്ങളിൽ അഴുകൽ രോഗവും മണിപ്പ് രോഗവും ബാധിച്ച് കൃഷി വ്യാപകമായി നശിച്ചു. തുടരെയുള്ള മഴമൂലം സമയത്തിന് വളപ്രയോഗം നടത്താൻ കഴിയാത്തതും കൃഷിയെ പ്രതികൂലമായി ബാധിച്ചു.
കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ല. ഏലത്തിന് താങ്ങുവില നിശ്ചയിക്കുന്നതിനോ വളം, കീടനാശിനി തുടങ്ങിയവയുടെ അമിത വില നിയന്ത്രിക്കുന്നതിനോ കൃഷി നാശം സംഭവിച്ച ഏലം കർഷകർക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനോ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.