ഇടുക്കി: കുഞ്ചിത്തണ്ണിയിലെ 87 ഹെക്‌ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയ വനം വകുപ്പിന്‍റെ നടപടിയ്‌ക്കെതിരെ സി.പി.എം. വിജ്ഞാപനം ഇറക്കിയ ഭൂമി റവന്യൂ വകുപ്പിന്‍റേതാണെന്ന് ജില്ലയിലെ പ്രമുഖ നേതാവുകൂടിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ ജയചന്ദ്രൻ പറഞ്ഞു. ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്‍റ് ലിമിറ്റഡിന് പാട്ടത്തിന് നൽകിയതും വൈദ്യുതി വകുപ്പിന്‍റെ നിയന്ത്രണത്തില്‍ ഉള്ളതുമായ ഭൂമിയാണ് റിസർവ് വനമായി പ്രഖ്യാപിച്ചുള്ള നീക്കം.
നടപടി ബഫര്‍ സോണിന് പിന്നാലെ, ആശങ്ക: 1993ൽ എച്ച്.എൻ.എല്ലിന് (Hindustan Newsprint Ltd.) യൂക്കാലി കൃഷിക്കായി കൈമാറിയ കുഞ്ചിത്തണ്ണി വില്ലേജിലെ 87 ഹെക്‌ടര്‍ ഭൂമിയാണ് പാട്ട കാലാവധി കഴിഞ്ഞതോടെ റിസർവ് വനമായി പ്രഖ്യാപിച്ച് വനം വകുപ്പ് വിജ്ഞാപനമിറക്കിയത്. ഇതോടെ, ആനച്ചാല്‍ ടൗണും പരിസര പ്രദേശങ്ങളും സമ്പൂര്‍ണ സംരക്ഷിത മേഖലയായി. 2010ല്‍ മാങ്കുളം ജലവൈദ്യുത പദ്ധതിക്കായി കുടിയിറക്കിയ 50 കര്‍ഷകര്‍ക്ക് വൈദ്യുതി ബോര്‍ഡ് നല്‍കിയ ഒന്നര ഏക്കര്‍ ഭൂമിയും റിസർവ് വനമേഖലയിലാണ്.
ബഫർ സോൺ വിഷയത്തിലടക്കം ആശങ്ക നിലനിൽക്കെ ജനവാസ മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന വനം വകുപ്പിന്‍റെ നടപടിയിൽ സി.പി.എമ്മും രംഗത്തെത്തുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി വനം, വൈദ്യുതി വകുപ്പുകൾ തമ്മിലുള്ള തർക്കവും നിലവിലുണ്ട്. ഭൂമി, റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയിലാണ്, പളളിവാസല്‍, ചെങ്കുളം പദ്ധതികൾക്കായി വൈദ്യുതി വകുപ്പിന് താത്‌കാലികമായി വിട്ട് നല്‍കിയെന്നുമാണ് റവന്യൂ വകുപ്പിന്‍റെ വിശദീകരണം.