ഇടുക്കി: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം സിപിഐ പ്രവര്‍ത്തകന്‍റെ വീട് കയറി അക്രമിച്ചതായി പരാതി. ഇടുക്കി ചിന്നക്കനാല്‍ വേണാട്ടിലാണ് സംഭവം. വേണാട് പവിഴത്തില്‍ ശരണിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു.
തുടര്‍ച്ചെയായുള്ള കല്ലേറില്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ കുടുങ്ങിയ കുടുംബത്തെ ശാന്തമ്പാറ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുരുകനെന്ന ബാലുവിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ശരണിന്‍റെ വീട് അക്രമിച്ചത്. പുറത്ത് നിന്നും കല്ലുകളെടുത്ത് വീടിന് നേരെ എറിയുകയായിരുന്നു. കല്ലേറില്‍ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു.
കതക് തകര്‍ന്ന് ഉള്ളിലേയ്ക്ക് തെറിച്ചുവന്ന കല്ലുകള്‍ കൊണ്ട് ശരണിനും അറുപത്തിയെട്ടുകാരനായ പിതാവിനും പരിക്കേറ്റു. കൊച്ചുകുട്ടിയുമായി ശരണിന്‍റെ ഭാര്യ അടുക്കളയിലെ സ്ലാബിനടിയില്‍ ഒളിച്ചതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുറത്തിറങ്ങി രക്ഷപ്പെടാന്‍ കഴിയാതെ വന്നതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെട്ടു.
വീടിനും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. ശരണിന്‍റെ പരാതിയില്‍ ശാന്തമ്പാറ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ശരണിന്‍റെ സഹോദരി ഭര്‍ത്താവുമായിട്ടുള്ള വ്യക്തി വൈരാഗ്യമാണ് വീട് കയറിയുള്ള ആക്രമണത്തിന് കാരണമെന്നാണ് ഇവര്‍ പറയുന്നത്.