ഇടുക്കി: വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ കെ വി വൈ പദ്ധതി പ്രകാരമുള്ള വിത്ത് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. നാല്‍പ്പത്തിയേഴ് ലക്ഷം രൂപയുടെ അഴിമതി നടന്നെന്നാരോപിച്ച് സിപിഎം രംഗത്തെത്തി. ബാങ്ക് അക്കൗണ്ടിലെത്തിയ കര്‍ഷകരുടെ സബ്സിഡി തുക തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥരടക്കം നീക്കം നടത്തുന്നതായും ആരോപണമുണ്ട്.
വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ക്ക് കൃഷി ആരംഭിക്കുന്ന ഘട്ടത്തില്‍ വിത്ത് വാങ്ങുന്നതിന് സബ്സിഡി നൽകുന്നതിനാണ് ആര്‍ കെ വി വൈ പദ്ധതി. ഇതുപ്രകാരം സര്‍ക്കാര്‍ സബ്സിഡിയായി ഇത്തവണ ഒരു കോടി നാല്‍പ്പത്തിയേഴ് ലക്ഷം രൂപ അനുവദിച്ചു. കര്‍ഷകര്‍ നേരിട്ട് വിത്ത് വാങ്ങി കൃഷിയിറക്കിയാല്‍ സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ടതിന് ശേഷം കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ അക്കൗണ്ടിൽ പണം നല്‍കും. വിത്ത് വാങ്ങിയതിന്‍റെ ബില്ല് ഹാജരാക്കിയാലും സബ്സിഡി നല്‍കണമെന്നാണ് നിയമം. കൂടാതെ കര്‍ഷകര്‍ക്ക് ആവശ്യമെങ്കില്‍ അത്യുത്പ്പാദന ശേഷിയുള്ള വിത്തുകള്‍ കൃഷിഭവൻ വഴി വിതരണം ചെയ്യും. എന്നാല്‍ വട്ടവടയിലെ കര്‍ഷകര്‍ ഇത്തവണ നേരിട്ട് വിത്ത് വാങ്ങി കൃഷി ആരംഭിച്ചു. എന്നാൽ ഇത് വകവയ്ക്കാതെ കൃഷിവകുപ്പ് സ്വകാര്യ കമ്പനിയില്‍ നിന്നും വിത്ത് ഇറക്കുകയും വിതരണത്തിനായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് വിത്ത് വേണ്ടെന്നും കൃഷി തുടങ്ങിയ സാഹചര്യത്തില്‍ സബ്സിഡി തുക മതിയെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
എന്നാൽ സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും ചേര്‍ന്ന് നാല്‍പ്പത്തിയേഴ് ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നും കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയ പണം പിന്‍വലിക്കാന്‍ കഴിയാത്ത വിധം തടഞ്ഞിരിക്കുകയാണെന്നും സിപിഎം ആരോപിച്ചു. അധികൃതര്‍ക്ക് പരാതി നല്‍കിയതായി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. രാമരാജ് അറിയിച്ചു.
എന്നാല്‍ അക്കൗണ്ടില്‍ എത്തിയ പണം തടഞ്ഞുവച്ചിട്ടില്ലെന്നും കര്‍ഷകരുടെ സമ്മതത്തോടെയാണ് വിത്ത് നല്‍കിയ കമ്പനിക്ക് പണം കൈമാറുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വട്ടവട കൃഷി ഓഫിസർ ആര്‍ ബീന പറഞ്ഞു. എന്നാൽ കര്‍ഷകര്‍ വിത്ത് വാങ്ങി കൃഷി ആരംഭിക്കുകയും സബ്സിഡി തുക അക്കൗണ്ടുകളില്‍ എത്തുകയും ചെയ്തതിന് ശേഷം സ്വകാര്യ കമ്പനിയില്‍ നിന്നും ഇറക്കുമതി ചെയ്ത്, വിതരണത്തിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നതെന്തിനെന്ന ചോദ്യമാണുയരുന്നത്.