ഇടുക്കി: സിപിഐ പ്രാദേശിക സമ്മേളനങ്ങളില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും സിപിഎം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്‌തില്ലെന്ന വിമര്‍ശനമാണ് രാജാക്കാട് ലോക്കല്‍ സമ്മേളനത്തില്‍ ഉയർന്നത്. ലോക്കല്‍ സെക്രട്ടറി പി.എസ് സനല്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മുന്നണി ബന്ധം ശിഥിലമാകാന്‍ സിപിഎം കാരണമാകുന്നുവെന്ന ഗുരുതരമായ വിമര്‍ശനം.
റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഇടിവി ഭാരതിന് ലഭിച്ചു. രാഷ്ട്രീയ സത്യസന്ധതയ്ക്ക് വിലകല്‍പിക്കാത്ത നടപടിയാണ് സിപിഎമ്മില്‍ നിന്ന് ഉണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പുകളില്‍ സിപിഎം വോട്ടുകള്‍ സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്നുമുള്ള വിമര്‍ശനമാണ് രാജാക്കാട് ലോക്കല്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത്. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ രാജാക്കാട് പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലാണ് സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്, ഇരുവരും പരാജയപ്പെട്ടു.
കേരള കോണ്‍ഗ്രസ് എം മുന്നണി പ്രവേശനം നേട്ടമുണ്ടാക്കിയില്ല: അതുവരെ യുഡിഎഫിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലെത്തി രണ്ട് പഞ്ചായത്ത് സീറ്റുകളും ഒരു ബ്ലോക്ക് സീറ്റും കരസ്ഥമാക്കി. ഇതില്‍ രണ്ട് പഞ്ചായത്ത് സീറ്റുകളിലും അവര്‍ വിജയിച്ചു. എന്നാല്‍ നാലാം വാര്‍ഡിലെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി നാല് വോട്ടുകള്‍ക്കാണ് വിജയിച്ചത്.
കേരള കോണ്‍ഗ്രസ് (എം) ന് സ്വാധീനമുള്ള ആറാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി 300ല്‍ അധികം വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്‌തു. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് വന്നത് മൂലം മുന്നണിക്ക് നേട്ടമുണ്ടായില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പതാം വാര്‍ഡില്‍ താമസക്കാരനായ സിപിഎം ലോക്കല്‍ സെക്രട്ടറി വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നത് ഇവിടെ മത്സരിച്ച് പരാജയപ്പെട്ട സിപിഐ സ്ഥാനാര്‍ഥിക്ക് സിപിഎം വോട്ട് ലഭിച്ചില്ല എന്നതിന് തെളിവാണ്.
വോട്ട് ചോര്‍ച്ചയുണ്ടായതായി ആരോപണം: 2021ല്‍ ഒന്‍പതാം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം റെജി പനച്ചിക്കല്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ ജില്ല കമ്മറ്റി അംഗം കെ.പി അനില്‍ മത്സരിച്ചെങ്കിലും നാനൂറിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.എന്‍ മോഹനനാണ് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ചുമതല സിപിഎം ജില്ല കമ്മറ്റി നല്‍കിയത്. എം.എം മണി എംഎല്‍എ, കെ.കെ ജയചന്ദ്രന്‍, ജോയ്‌സ് ജോര്‍ജ്, ജിജി കെ ഫിലിപ് എന്നിവരുടെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും വോട്ട് ചോര്‍ച്ചയെ തുടര്‍ന്ന് സ്ഥാനാര്‍ഥി ദയനീയമായി പരാജയപ്പെട്ടു.
ഇവിടെ സിപിഎം വോട്ടുകള്‍ ചേര്‍ന്നുവെന്നും വിമര്‍ശനം ഉണ്ട്. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമ ഭേദഗതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഇടത് സര്‍ക്കാരെന്നും ഭൂപ്രശ്‌നങ്ങളുടെ പേരില്‍ സിപിഎം സിപിഐയെ കുറ്റപ്പെടുത്തുന്നതിന് ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. നേരത്തെ സിപിഎം സമ്മേളനങ്ങളിലും സിപിഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.