ഇടുക്കി: കൊവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലായിരുന്ന ഡോക്ടർ ഉൾപ്പെടെ ആറ് പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇനി ഒരു പരിശോധനയില്‍ കൂടി ഫലം നെഗറ്റീവായാല്‍ ഇവർക്ക് ആശുപത്രി വിടാം. ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, ആശാവർക്കർ, ഏലപ്പാറയിലെ അറുപത്തിരണ്ടുക്കാരി മൈസൂരിൽ നിന്നെത്തിയ ഇവരുടെ മകൻ, നെടുങ്കണ്ടം പുഷ്‌പകണ്ടം സ്വദേശിനി, പൊള്ളാച്ചിയിൽ നിന്നെത്തിയ മണിയാറൻകുടി സ്വദേശി എന്നിവരുടെ ഫലമാണ് നെഗറ്റീവായത്. പുനപരിശോധനയ്ക്ക് അയച്ച മൂന്ന് പേരുടെ സാമ്പിളുകൾ അടക്കം 25 പേരുടെ ഫലം വരാനുണ്ട്. ഈ ഫലങ്ങൾ ഇന്ന് ലഭിച്ചേക്കും.
അതേസമയം, ജില്ലയിൽ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് വണ്ടിപ്പെരിയാർ പഞ്ചായത്തിനെ പുതിയ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിലെ തീവ്ര രോഗബാധിത പ്രദേശങ്ങളുടെ എണ്ണം 15 ആയി. റെഡ് സോൺ നിലനിൽക്കുന്ന ഇടുക്കിയിൽ ചെറിയ ഇളവുകൾ ജില്ല ഭരണകൂടം നൽകിയിട്ടുണ്ട്. ക്ഷീര വികസനം, ട്രഷറി, കൃഷി ഓഫീസുകൾ എന്നിവ 33 ശതമാനം ജീവനക്കാരുമായി പ്രവർത്തിപ്പിക്കാം. ഹോട്ട് സ്പോട്ടുകളല്ലാത്ത പ്രദേശങ്ങളിലെ ബാങ്കുകൾ രാവിലെ 11 മുതൽ 5 വരെ തുറന്നു പ്രവർത്തിപ്പിക്കാമെന്നും കലക്ടർ നിർദേശം നൽകി.
ജില്ലയിലെ പരിശോധന ഫലങ്ങളുടെ കാലതാമസം പരിഹരിക്കാൻ പിസിആർ ലാബ് സൗകര്യം ജില്ലയിൽ സജ്ജമാക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.