ഇടുക്കി: ബൈസൺവാലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച അധ്യാപിക നിയമസഭ മന്ദിരം സന്ദർശിച്ചതായി ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. തിരുവനന്തപുരത്തെ നിയമസഭാ മന്ദിരവും എംഎല്‍എ ഹോസ്റ്റലും ഇവർ സന്ദര്‍ശിച്ചു. രോഗബാധിതനായ പൊതുപ്രവര്‍ത്തകനൊപ്പം ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ അധികൃതരെ അറിയിക്കാനാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. മാര്‍ച്ച് 10ന് അടിമാലിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പുറപ്പെട്ട ഇവര്‍ 11ന് തിരുവനന്തപുരത്തെത്തി.
പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്‍റെ പ്രധാന ഓഫീസിലും ഇവര്‍ സന്ദർശനം നടത്തിയിട്ടുണ്ട്. അധ്യാപക സമരത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 12ന് മറയൂരിലെ ചെറുവാടുക്കുടി ആദിവാസി മേഖലയിലും ഇവരെത്തിയതായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ പുതുക്കിയ റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപികയ്ക്ക് പൊതുപ്രവര്‍ത്തകനില്‍ നിന്നാണ് രോഗം പകര്‍ന്നത്.