ഇടുക്കി : സമസ്തമേഖലകളെയും പ്രതിസന്ധിയിലാക്കിയാണ് കൊവിഡ് രണ്ടാം തരംഗവും ആഞ്ഞടിച്ചത്. ഭൂരിപക്ഷം ആളുകൾക്കും സ്ഥിര വരുമാനം ഇല്ലാതായതിനൊപ്പം പതിറ്റാണ്ടുകളായി ചെയ്തിരുന്ന തൊഴിലുകള്‍ ഉപേക്ഷിക്കേണ്ടിയും വന്നു.
കൊവിഡ് കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവാതെ വന്നതോടെ ഇടുക്കി നെടുങ്കണ്ടം സ്വദേശി ചെരികുന്നേൽ ആർ സുശീലൻ അഞ്ച് പതിറ്റാണ്ടായി കുലത്തൊഴിൽ ചെയ്തിരുന്ന ബാർബർ ഷോപ്പ് പൊളിച്ച് പച്ചക്കറിക്കടയാക്കിയിരിക്കുകയാണ്.
50 വർഷത്തോളമായി സുശീലനും അദ്ദേഹത്തിന്‍റെ രാജൻസ് ബാർബർഷോപ്പും നെടുങ്കണ്ടത്തുകാർക്ക് സുപരിചിതമായിരുന്നു. എന്നാൽ ഇപ്പോൾ ബാർബർഷോപ്പിന്‍റെ സ്ഥാനത്ത് പ്രവർത്തിക്കുന്നത് സുശീലൻസ് പച്ചക്കറി കടയാണ്.
Read also............കൊവിഡ് പ്രതിസന്ധി: സംസ്ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് വി. ശിവൻകുട്ടി
കൊവിഡ് പ്രതിസന്ധി വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചവരിൽ ഒരു വിഭാഗമാണ് ബാർബർ തൊഴിലാളികൾ. രോഗത്തിന്‍റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇളവുകൾ ലഭിക്കുമ്പോഴും ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി ലഭിക്കാറില്ല. സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ആവില്ലെന്നതിനാലാണിത്.
ഒരു വർഷത്തിനിടെ 60 ഓളം പേരാണ് ഈ തൊഴിൽ ഉപേക്ഷിച്ച് മറ്റ് മേഖലകളിൽ ജോലി നോക്കാന്‍ നിർബന്ധിതരായത്. ഈ മേഖലയുടെ നിലനില്‍പ്പിനായി ഭരണകൂടം അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കുലത്തൊഴിലുപേക്ഷിച്ച് പോകുന്നവരുടെ എണ്ണം ഇനിയും വർധിച്ചേക്കാം.