ഇടുക്കി : കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ മഴയിൽ സ്ട്രെച്ചർ ചുമന്ന് ആരോഗ്യ പ്രവർത്തകർ നടന്നത് ഒരു കിലോമീറ്ററോളം. ഇടുക്കി മലയോരത്തെ വിദൂര മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിടുന്ന വെല്ലുവിളികള്‍ എത്രത്തോളമെന്ന് തെളിയിക്കുന്നതാണ് സംഭവം. കുമളി പഞ്ചായത്തിലെ മന്നാക്കുടിയില്‍ കൊവിഡ് ബാധിച്ച കിടപ്പുരോഗിയുടെ വീട്ടിലേയ്ക്ക് വാഹനമെത്താത്തതിനെത്തുടർന്നാണ് ഈ ദുരവസ്ഥ. മലയോരത്ത് പലയിടത്തും വാഹന ഗതാഗത സൗകര്യം ഇല്ലാത്തത് കടുത്ത വെല്ലുവിളിയാവുകയാണ്. അത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതും കൊവിഡ് കാലത്താണ്.
Also read: ETV IMPACT : രാജമലയിൽ പഠനം ഇനി 'പരിധിക്കുള്ളിൽ' ; ഓൺലൈൻ പഠനം വീട്ടിലിരുന്ന്
രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തുമെങ്കിലും പല മേഖലകളിലും വീടുകളിലേയ്ക്ക് ഗതാഗതയോഗ്യമായ റോഡുണ്ടാവില്ല. അതിനാല്‍ ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തിലുള്ള രോഗികളെ സ്ട്രെച്ചറിൽ ചുമന്നുവേണം ആംബുലന്‍സില്‍ എത്തിക്കാന്‍. കൊവിഡെന്ന മഹാമാരിക്കെതിരെ പോരാടുമ്പോൾ ഓരോ ജീവനുവേണ്ടിയും നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര തൊഴിലാളികളുടെ കഷ്ടപ്പാടിന്‍റെ നേര്‍സാക്ഷ്യം കൂടിയാണ് ഈ ദൃശ്യം. ഹെൽത്ത് ഇൻസ്പെക്ടർ മാടസ്വാമി, മുൻ വാർഡ് മെമ്പർ ഷാജി മോൻ എന്നിവരും കുമളി പഞ്ചായത്ത് വളണ്ടിയർമാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.