ഇടുക്കി: ഇടുക്കി രാജകുമാരി പഞ്ചായത്തില്‍ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കിലെ വര്‍ദ്ധനവ് ആശങ്കയ്ക്ക് ഇടനല്‍കുന്നു. കനത്ത ജാഗ്രത തുടരുന്നുണ്ടെങ്കിലും പ്രതിദിന കണക്കില്‍ 20ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം.
പഞ്ചായത്തിലെ എട്ട് വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണ്ടൈയിൻമെന്‍റ് സോണിലാണ്. ഈ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും പ്രതിദിന കണക്കിലെ വര്‍ദ്ധനവില്‍ കുറവ് കാണുന്നില്ല. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ ആന്‍റിജന്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ച് വരികയാണ്.
READ MORE: ഇടുക്കിയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്‌ടർ
ആദ്യഘട്ടമെന്ന നിലയില്‍ തോട്ടം മേഖലകളിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലുമാണ് പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ പരമാവധി ആളുകളിലും ആന്‍റിജന്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഒപ്പം ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ടൗണുകളും പൊതു ഇടങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ട്. ലോക്ഡൗണിന്‍റെ ഭാഗമായി രാജകുമാരി പഞ്ചായത്തിലെ പ്രധാന ടൗണുകളിലും വഴികളിലും പൊലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.