ഇടുക്കി : ഇടുക്കിയിലെ അതിര്‍ത്തി, തോട്ടം മേഖലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികളുമായി ജില്ല ഭരണകൂടം.
കൊവിഡ് നിയന്ത്രണവിധേയമാക്കാൻ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ഇടുക്കി ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്നും ദിവസേന നൂറുകണക്കിന് തൊഴിലാളികള്‍ വന്ന് പോകുന്ന തോട്ടം മേഖലയാണ് ഇടുക്കിയിലെ അതിര്‍ത്തി പഞ്ചായത്തുകള്‍. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല മേഖലകളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ 13 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ സേവനം ഭാഗികമായി നിര്‍ത്തിയിരുന്നു. ഇതിനെത്തുടർന്ന് അടിയന്തര വിഭാഗങ്ങള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
ALSO READ: കൊവിഡ്: ഇടുക്കിയിലെ അതിർത്തി മേഖലകളിൽ തമിഴ്‌നാട് പരിശോധന കർശനമാക്കി
കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ കൊവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കുമെന്ന് കലക്‌ടർ അറിയിച്ചു.
കേസുകള്‍ വരും ദിവസങ്ങളിലും വര്‍ധിച്ചാല്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടുമെന്നും ജില്ലയിലെ വാക്‌സിനേഷന്‍ നടപടികള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നതെന്നും കലക്‌ടര്‍ കൂട്ടിച്ചേർത്തു.