ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. ആറ് കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൂപ്രണ്ട് ഡോ.പ്രസീത ചികിത്സ തേടി എത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് രോഗികളും കൂട്ടിരിപ്പുകാരം സഹകരിക്കണമെന്നും അവര്‍ ആവശ്യപെട്ടു.
പുരുഷവാര്‍ഡില്‍ കഴിഞ്ഞവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വാര്‍ഡ് അണുവിമുക്തമാക്കി താല്‍ക്കാലികമായി അടച്ചു. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററും ഒരു ദിവസത്തേക്ക് അടച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരെ വീതം ഇരുമ്പുപാലത്തെ കൊവിഡ് സെന്‍ററിലും തൊടുപുഴയിലും ഇടുക്കി മെഡിക്കല്‍ കോളജിലും ചികിത്സക്കായി പ്രവേശിപ്പിച്ചു. വാര്‍ഡിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കി. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മറ്റ് രോഗികളെ ചൊവ്വാഴ്‌ച ആന്‍റിജന്‍ പരിശോധനക്ക് വിധേയരാക്കി.