ഇടുക്കി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഏലക്കായുടെ ഇ-ലേലം തുടർച്ചയായി മുടങ്ങുന്നു. ഏലത്തിന്‍റെ വിലയിടിവിനു പിന്നാലെ ലേലവും തുടർച്ചയായി മുടങ്ങുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മേയ് ഒന്നിനാണ് അവസാനമായി ഏലക്ക ഇ-ലേലം നടന്നത്. തിങ്കളാഴ്ച മുതൽ നടക്കേണ്ടിയിരുന്ന ലേലം കൊവിഡ് വ്യാപനത്തെത്തുടർന്ന് ലേല ഏജൻസികൾ ഒഴിവാക്കുകയായിരുന്നു.
കളക്ഷൻ ഡിപ്പോകൾ തുറക്കാൻ കഴിയാത്തതാണ് തുടർച്ചയായി ലേലങ്ങൾ മുടങ്ങാൻ കാരണം. രണ്ടര വർഷത്തിന് ശേഷം ഏലക്കായുടെ ശരാശരി വില 1000 രൂപയ്ക്കു താഴെ എത്തിയതിനു പിന്നാലെ ലേലവും മുടങ്ങിയത് കർഷകരെ വൻ പ്രതിസന്ധിയിലാക്കി. ഒരാഴ്ചയായി ശരാശരി വില 850 രൂപയായി കുറഞ്ഞു. ഇതോടെ,വൻ തുക നൽകി പാട്ടത്തിനെടുത്ത് ഏലംകൃഷി നടത്തുന്ന കർഷകർക്ക് പിടിച്ചു നിൽക്കാനാകാത്ത അവസ്ഥയിലായി.
മേയ് ഒന്നിനു നടന്നലേലത്തിൽ 861രൂപയായിരുന്നു ശരാശരി വില. ആഴ്ചയിൽ മൂന്ന് ദിവസം വീതം പുറ്റടിയിലും ബോഡിനായ്ക്കന്നൂരിലുമാണ് ലേലം നടക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത് ബോഡിനായ്ക്കന്നൂരിൽ മാത്രമാക്കി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പൈസസ് ബോർഡ് വൈസ് ചെയർമാൻ ബോർഡ് സെക്രട്ടറിക്കു കത്ത് നൽകിയത് വിവാദമായിരുന്നു. അതോടെ പ്രശ്നത്തിൽ എംപി ഇടപെടുകയും പുറ്റടിയിലെ ലേലം നിർത്തരുതെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.