ഇടുക്കി: വിദേശത്തു നിന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ആളുകളെത്തി തുടങ്ങിയ സാഹചര്യത്തിൽ തൊടുപുഴയിൽ കൂടുതൽ കൊവിഡ് കെയർ സെന്‍ററുകൾ തുടങ്ങാൻ തീരുമാനമായി. നിലവിൽ പ്രവർത്തനം തുടങ്ങിയ പാപ്പൂട്ടി ഹാളിൽ 15 പേരും, വട്ടംക്കളം ടൂറിസ്റ്റ് ഹോമിൽ സ്ത്രീകളായ 13പേരും ,വണ്ണപ്പുറം വൃന്ദാവനിൽ 3 പേരും, മുട്ടം റൈഫിൾ ക്ലബ്ബിൽ 7 പേരും താമസിക്കുന്നുണ്ട്. ഇതു കൂടാതെ സ്ത്രീകൾക്കായി മറ്റൊരു സ്ഥലം നഗരസഭ ഉടൻ കണ്ടെത്തി നൽകും.
വിദേശത്തു നിന്നും വരുന്ന ആളുകൾക്ക് സ്വന്തം ചിലവിൽ താമസിക്കുന്നതിന് ഉള്ള സൗകര്യവും ഒരുക്കുന്നുണ്ട്. സെന്‍ററില്‍ വസിക്കുന്നവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭക്ഷണ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സൗകര്യമൊരുക്കുന്നതിനായി തൊടുപുഴ നഗരസഭയുടെ കീഴിൽ ചർച്ച നടത്തിവരികയാണ്. ശനിയാഴ്ച എത്തുന്ന വിമാനത്തിൽ ഇടുക്കിയിൽ നിന്നുള്ള ആളുകളും ഉണ്ട്.