ഇടുക്കി: കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഹൈറേഞ്ചിലെ, തോട്ടം കാര്‍ഷിക മേഖലയിലെ നിരവധി കുടുംബങ്ങളില്‍ വിവിധ പ്രശ്‌നങ്ങള്‍ വര്‍ധിച്ചതായി പൊലീസിന്‍റെ കണ്ടെത്തല്‍. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നെടുങ്കണ്ടത്ത് ജില്ല പൊലീസിന്‍റെ നേതൃത്വത്തില്‍ കൗണ്‍സലിങ് സെന്‍ററും ആരംഭിച്ചു. നിസാര കാരണങ്ങള്‍ക്ക് പോലും ആത്മാഹത്യ ചെയ്യുന്ന പ്രവണതയും ആളുകള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നെടുങ്കണ്ടം, കമ്പംമെട്ട്, ഉടുമ്പന്‍ചോല, ശാന്തന്‍പാറ, തുടങ്ങിയ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരവധി ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇവയില്‍ പലതിനും വ്യക്തമായ കാരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. തോട്ടം മേഖലയില്‍ ശൈശവ വിവാഹങ്ങള്‍ നടന്നതായും മുമ്പ് പൊലീസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കൗമാരക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗവും വര്‍ധിയ്ക്കുന്നുണ്ട്. തോട്ടം മേഖലയിലെ കുട്ടികള്‍ അവധി ദിവസങ്ങളില്‍ നേരിടുന്ന അരക്ഷിതാവസ്ഥയും വിവിധ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയ്ക്കുന്നതായാണ് വിലയിരുത്തല്‍. ഹൈറേഞ്ചിലെ കുടുംബങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി നെടുങ്കണ്ടം പൊലീസ്, ജില്ല പൊലീസ് മേധാവി വി യു കുര്യാക്കോസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് കൗണ്‍സലിങ് സെന്‍റര്‍ ആരംഭിച്ചത്. ജില്ലയിലെ പൊലീസിന്‍റെ ആദ്യ കൗണ്‍സലിങ് സെന്‍റര്‍ ആണ് ഇത്.
ആഴ്‌ചയില്‍ ആറ് ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ രണ്ട് കൗണ്‍സിലര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദേശിയ്ക്കുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കൗണ്‍സലിങ് ലഭ്യമാക്കും. ജനമൈത്രി പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുന്ന വിവിധ വിഷയങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേക കൗണ്‍സലിങ് നല്‍കും. നിലവില്‍ ഹൈറേഞ്ചിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ കൗണ്‍സലിങിനായി സെന്‍ററില്‍ എത്തുന്നുണ്ട്.