ഇടുക്കി : കരാറുകാരന്‍റെ അനാസ്ഥയില്‍ രാജാക്കാട് പഞ്ചായത്തിലെ നാലര കോടിയുടെ വികസന പദ്ധതികള്‍ നഷ്‌ടമാകുന്നു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മെറ്റീരിയല്‍ കോസ്റ്റുപയോഗിച്ച് നടത്തുന്ന വിവിധ പദ്ധതികളാണ് നിര്‍മ്മാണം ആരംഭിക്കാതെ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ നഷ്‌ടമാകുന്നത്. അടിസ്ഥാന വികസനത്തിന് ആക്കം കൂട്ടുന്ന ഗ്രാമീണ റോഡുകളുടെ കോണ്‍ക്രീറ്റിംഗ്, സംരക്ഷണ ഭിത്തി നിര്‍മാണം, ഫുഡ് സ്റ്റെപ്, രാജാക്കാട് ഗവ. സ്‌കൂളിന്‍റെ പ്ലേ ഗ്രൗണ്ട് നിര്‍മാണം, അടക്കമുള്ള പദ്ധതികളാണ് എങ്ങുമെത്താതെ കിടക്കുന്നത്.
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നിര്‍മ്മാണവും ഇതില്‍ ഉൾപ്പെടും. കരാര്‍ കാലാവധിയും സാമ്പത്തിക വര്‍ഷവും അവസാനിക്കാറായിട്ടും കരാറുകാരന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് പഞ്ചായത്ത് വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്നും കരാറുകാരനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തി. നടപടി സ്വീകരിക്കാത്ത പക്ഷം സമരം നടത്താനാണ് മുന്നണിയുടെ തീരുമാനം.