ഇടുക്കി: ഏലവും കാപ്പിയും തേയിലയും കുരുമുളകും വിളയുന്ന മണ്ണ്. പ്രകൃതി കനിഞ്ഞരുളിയ സുന്ദരഭൂമി... ഇതൊക്കെയാണെങ്കിലും ഇടുക്കിയുടെ ഏറ്റവും വലിയ വിഷമമാണ് യാത്ര ദുരിതം. സ്വന്തം നാട്ടിലൊരു റെയില്‍പാത, ഇടുക്കിക്കാർക്ക് എന്നും ഒരു സ്വപ്‌നം മാത്രമാണ്.
പക്ഷേ സ്വന്തം നാട്ടില്‍ അല്ലെങ്കിലും ഇടുക്കിയുടെ തൊട്ടടുത്ത് റെയില്‍പാതയും റെയില്‍വേ സ്റ്റേഷനും വരികയാണ്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ബോഡിമെട്ടില്‍ നിന്നും 27 കിലോമീറ്ററാണ് തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്കുള്ള ദൂരം. രണ്ട് മാസത്തിനുള്ളില്‍ ബോഡിനായ്ക്കന്നൂരില്‍ ചൂളം വിളി മുഴങ്ങുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിയും.
മധുര- തേനി- ബോഡിനായ്ക്കന്നൂര്‍, ബ്രോഡ് ഗേജ് പാത നിര്‍മാണം അവസാന ഘട്ടത്തിലാണ്. 90 കിലോമീറ്ററാണ് പാതയുടെ ആകെ ദൂരം. മധുര മുതല്‍ തേനി വരെയുള്ള 75 കിലോമീറ്റര്‍, കഴിഞ്ഞ മെയില്‍ പൂര്‍ത്തീകരിച്ചിരുന്നു. നിലവില്‍ തേനി വരെ, പാസഞ്ചര്‍ ട്രെയിന്‍ ദിവസേന ഓടുന്നുണ്ട്.
തേനി മുതല്‍ ബോഡി വരെയുള്ള 15 കിലോമീറ്റര്‍ ഭാഗത്തെ, നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഇവിടെ 30 ചെറിയ പാലങ്ങളും മൂന്ന് പ്രധാന പാലങ്ങളും പൂര്‍ത്തീകരിച്ചു. ബോഡി റെയില്‍വേ സ്‌റ്റേഷന്‍റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
പാതയിലെ വളവുകള്‍, ട്രാക്കിന്‍റെ സ്ഥിരത എന്നിവയുടെ പരിശോധന വിജയകരമായി പൂർത്തിയായി. ഇതോടൊപ്പം മധുര- തേനി പാതയില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പരീക്ഷണ ഓട്ടവും നടന്നു. പാതയില്‍ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതോടെ, ജില്ലയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ ചരക്ക് നീക്കം കൂടുതല്‍ സുഗമമാകും. വിനോദ സഞ്ചാര മേഖലയിലും കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.