ഇടുക്കി: നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവ് ഇടുക്കി ഹൈറേഞ്ചിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. സാധനങ്ങളില്ലാത്തതിനാല്‍ റോഡ് നിര്‍മാണം പോലെയുള്ള അടിസ്ഥാന സൗകര്യ വികസനവും മുടങ്ങിക്കിടക്കുകയാണ്. ശാന്തമ്പാറ പഞ്ചായത്തില്‍ മാത്രം മുടങ്ങി കിടക്കുന്നത് രണ്ട് കോടിയുടെ റോഡ് വികസന പ്രവൃത്തികളാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി സെല്‍വം പറഞ്ഞു.
കല്ല്, മെറ്റല്‍ എന്നിവയുടെ ക്ഷാമമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജില്ലയില്‍ നിന്നും പാറ കിട്ടാനില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചിരുന്നത്. നിലവില്‍ ഇവിടെ നിന്നും ഇവ ലഭിക്കാത്ത അവസ്ഥയുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് സാധനങ്ങളെത്തിക്കാൻ കൂടുതല്‍ തുക ചെലവാകുമെന്ന് കരാറുകാരും പറയുന്നു. വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ വേണമെന്നാണ് ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും ആവശ്യം.