ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിശാ പാര്‍ട്ടി നടത്തുകയും അനുമതിയില്ലാതെ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌ത വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. സംഭവത്തിന് പിന്നിൽ സി.പി.എമ്മിനും മന്ത്രി എം.എം മണിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി വിഷയത്തില്‍ പഠനം നടത്തുന്നതിന് കെപിസിസി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി അംഗങ്ങള്‍ നിശാ പാര്‍ട്ടി നടത്തിയ റിസോര്‍ട്ടിലും അനധികൃതമായി പ്രവര്‍ത്തനം ആരംഭിച്ച തണ്ണിക്കോട്ട് ക്രഷര്‍ യൂണിറ്റിലും സന്ദർശനം നടത്തി. വിശദമായ റിപ്പോര്‍ട്ട് നാളെ കെപിസിസി പ്രസിഡന്‍റിന് സമര്‍പ്പിക്കും.
പുറത്തുനിന്ന് വരെ ആളുകള്‍ നിശാ പാര്‍ട്ടിയിൽ പങ്കെടുത്ത സാഹചര്യത്തില്‍ മുഴുവന്‍ ആളുകളെയും കണ്ടെത്തി ക്വാറന്‍റൈനിലാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെപിസിസി സമിതി ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. ടോമി കല്ലാനി, മുന്‍ എംഎല്‍എ ഇ.എം ആഗസ്തി, സി.പി മാത്യൂ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.