ഇടുക്കി: ജില്ലയിലെ കുത്തക പാട്ട ഭൂമിയില്‍ വനം വകുപ്പ് സാമ്പിള്‍ സര്‍വ്വേ നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. വകുപ്പ് നീക്കത്തിനെതിരെ നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് ആലോചനാ യോഗം ചേര്‍ന്നു. പഞ്ചായത്ത് തലത്തില്‍, കര്‍ഷകരുടെ ഒപ്പ് ശേഖരിച്ച് സര്‍ക്കാരിന് ഭീമ ഹര്‍ജി സമര്‍പ്പിയ്ക്കാനും സര്‍വ്വേ നടപടികളുമായി മുന്‍പോട്ട് പോയാല്‍ തടയാനും യോഗത്തില്‍ ആവശ്യപെട്ടു.
ജില്ലയില്‍ ഏറ്റവും അധികം കുത്തക പാട്ട ഭൂമിയുള്ളത് ഉടുമ്പന്‍ചോല താലൂക്കിലാണ്. ഇത് വന ഭൂമിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍വേ എന്നാണ് കോരമ്കഗ്രസ് ആരോപണം.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് ജോയി ഉലഹന്നാന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കെപിസിസി സെക്രട്ടറി എംഎന്‍ ഗോപി, സേനാപതി വേണു, സി.എസ് യശോധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.