തൊഴിലുറപ്പ് വേതനം വൈകുന്നു; നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് - തൊഴിലുറപ്പ് പദ്ധതി വാര്‍ത്തകള്‍
ജില്ലാ കലക്ടർ പ്രശ്നത്തിൽ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.
ഇടുക്കി: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ വേതനം അടിയന്തരമായി നൽകാൻ അധികൃതർ തയാറാകണമെന്ന് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കലക്ടർ പ്രശ്നത്തിൽ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും നേതാക്കൾ ഉപ്പുതറയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ കൃഷിയുമായി ബന്ധപ്പെട്ടതും ആസ്തി വികസനവുമായി ബന്ധപ്പെട്ടതുമായ പണികളാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി നടന്നുവരുന്നത്. ആസ്തിവികസനവുമായി ബന്ധപ്പെട്ട ആട്ടിൻകൂട് നിർമാണം കാലിത്തൊഴുത്ത് നിർമാണം എന്നിവയാണ് ഉപ്പുതറ പഞ്ചായത്തിന്‍റെ പരിധിയിൽ നടന്നുവരുന്നത്.
എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ ഇന്നു വരെയുള്ള പണികളുടെ വേതനം കൃത്യമായി തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നാണ് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ ആരോപണം. തൊഴിലാളികൾക്ക് ലഭിക്കേണ്ട കൃത്യമായ വേതനം ലഭ്യമാക്കാൻ തയാറായില്ലെങ്കിൽ കർഷകരെ മുൻനിർത്തി സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.