ഇടുക്കി: ചിന്നക്കനാൽ സഹകരണ ബാങ്ക് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ. ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്‌തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ചിന്നക്കനാലിൽ പറഞ്ഞു.
ഇടതുമുന്നണി ഭരിക്കുന്ന ബാങ്കിലെ കോടികളുടെ തട്ടിപ്പ് ഭരണ സമിതി അംഗങ്ങളായ സിപിഐ നേതാക്കൾ തന്നെയാണ് പുറത്ത് വിട്ടത്. അതുകൊണ്ട് തന്നെ വിജിലൻസ് അന്വേഷണം നടത്തിയെ മതിയാകൂ. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ മുതിർന്ന നേതാക്കളെ ബാങ്കിലെ അഴിമതിയെക്കുറിച്ചു ധരിപ്പിക്കുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
Also read: ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം; എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ സിപിഐ
തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെയാണ് ചിന്നക്കനാൽ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതികൾ പുറത്ത് വന്നത്. നിരവധി വ്യാജ പട്ടയങ്ങൾ അനധികൃതമായി പണയപ്പെടുത്തി കോടികൾ വായ്പയെടുത്തതായിട്ടാണ് ആരോപണങ്ങൾ. സിപിഎം, സിപിഐ മുന്നണി ഭരണത്തിൽ മൂന്ന് പേർ മാത്രമാണ് സിപിഐയിൽ ഉള്ളത്. മുമ്പ് അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ നേതൃത്വം ഇടതുമുന്നണിക്ക് കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കത്ത് നൽകിയിരുന്നതായി സിപിഐ അംഗങ്ങൾ പറയുന്നു. എന്നാൽ യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് വർഷങ്ങളായി പറയുന്നതല്ലാതെ നടപടികൾ ഉണ്ടാട്ടില്ലെന്നും സിപിഐ അംഗങ്ങൾ പറഞ്ഞു.
Also read: ചിന്നക്കനാൽ സഹകരണ ബാങ്ക് തട്ടിപ്പ് : സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍