ഇടുക്കി: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് തകര്‍ന്ന റോഡ് ഗതാഗത യോഗ്യമാക്കാന്‍ എത്തിച്ച അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഇതേ റോഡിലെ കുഴികള്‍ അടച്ചതായി പരാതി. കൊന്നത്തടി പഞ്ചായത്തിലെ ബീനാമോള്‍ റോഡാണ് കനത്ത മഴയെ തുടര്‍ന്ന് താഴ്ന്നു പോയത്. ഇതിന് ശേഷം റോഡ് പുനർനിർമ്മിക്കാൻ എത്തിച്ച അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് കുഴികള്‍ അടച്ചെന്നാണ് ആരോപണം.
കൊന്നത്തടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് നിവാസികള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുഴികള്‍ മാത്രം അടച്ചതിനാല്‍ റോഡിലെ ഇടിഞ്ഞ ഭാഗം പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പണിപ്പെട്ടാണ് പാതയിൽ ഇടിഞ്ഞ് താഴ്ന്ന ഭാഗത്തു കൂടി വാഹനങ്ങള്‍ കടന്നു പോകുന്നത്. കഴിഞ്ഞ പ്രളയത്തിലും ഇവിടെ സമാന പ്രതിസന്ധി ഉടലെടുത്തിരുന്നു. താഴ്ന്നു പോയ ഭാഗത്ത് കൂടുതല്‍ പാറപ്പൊടിയും കല്ലും നിക്ഷേപിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.