ഇടുക്കി: നായാട്ടു സംഘത്തിലെ പ്രതിയെ അന്വേഷിച്ചെത്തിയ വനപാലകർ അപമര്യാദയായി പെരുമാറിയതായി പരാതി. രാജകുമാരി പഞ്ചായത്തിലെ മഞ്ഞകുഴി മുതുവാ കുടിയിലെ ആദിവാസികളാണ് പരാതി നൽകിയിരിക്കുന്നത്. പുലർച്ചെ നാലുമണിക്ക് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഭീകരാന്തരീഷം സൃഷ്‌ടിച്ചുവെന്നും കുടിയിലെ സ്ത്രീകളും കുട്ടികളും ആശങ്കയിലാണെന്നും ആദിവാസികൾ പറയുന്നു.
കഴിഞ്ഞ രണ്ടിന് ബോഡിമെട്ടിന് സമീപം കുരങ്ങിണി മേഖലയിൽ കാട്ടുപോത്തിനെ വെടിവച്ച സംഘവുമായി ബന്ധമുള്ള രണ്ട് പേരെ വനപാലകർ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. രാജകുമാരി മഞ്ഞക്കുഴിയിൽ താമസിക്കുന്ന പള്ളിക്കുന്ന് സ്വദേശി സുധാകരൻ (32), മുതുവാക്കുടിയിൽ താമസക്കാരനായ രാധാകൃഷ്‌ണൻ (29) എന്നിവരെയാണ് ചിന്നക്കനാൽ റേഞ്ച് ഓഫീസർ വി.എസ് സിനിലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആദിവാസി കുടിയിൽ പുലർച്ചെയെത്തിയ വനപാലക സംഘം രാധാകൃഷ്‌ണനെ പിടികൂടിയിട്ടും കുടിയിലെ മറ്റു വീടുകളിൽ അതിക്രമിച്ചു കയറുകയും ഉറങ്ങി കിടന്നിരുന്ന സ്ത്രീകളെയും കുട്ടികളെയും ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തതായി ആദിവാസികൾ പറയുന്നു.
കുരങ്ങിണിയിൽ വച്ച് നായാട്ടു സംഘത്തിന്‍റെ വെടിയേറ്റ കാട്ടുപോത്തിന്‍റെ പ്രത്യാക്രമണത്തിൽ സംഘാംഗമായ തോണ്ടിമല സ്വദേശി മാരിയപ്പൻ (58) മരിച്ചിരുന്നു. മാരിയപ്പനൊപ്പം ഉണ്ടായിരുന്ന രാജകുമാരി സ്വദേശികളായ കണ്ണൻകുളങ്ങരയിൽ സാജു (44), കാരപ്പിള്ളിയിൽ രാജേഷ് (36) എന്നിവരെ കഴിഞ്ഞ മൂന്നിന് ശാന്തൻപാറ പൊലീസ് പിടികൂടി തമിഴ്‌നാട് വനം വകുപ്പിന് കൈമാറി. തേനി കോടതി റിമാൻഡ് ചെയ്‌ത പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങിയ തമിഴ്‌നാട് വനം വകുപ്പ്, ഇവർ വൻ നായാട്ടു സംഘത്തിലെ കണ്ണികളാണെന്ന് അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ കോടതിയുടെ അനുമതിയോടെ പ്രതികളിൽ ഒരാളായ സാജുവിനെ കേരളത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സാജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാകരനെയും രാധാകൃഷ്‌ണനെയും വനപാലകർ പിടികൂടിയത്.