ഇടുക്കി: അടിമാലി ടൗണിൽ 2018ലെ പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. നിരവധി കുടുംബങ്ങള്‍ ആശ്രയിച്ച് വന്നിരുന്ന അടിമാലി ടൗണിലെ കുര്യന്‍സ്‌പടി അപ്‌സര ബൈപാസ് റോഡിലെ പാലമാണ് രണ്ട് വര്‍ഷമായി തകര്‍ന്ന് കിടക്കുന്നത്. ശക്തമായ വെള്ളമൊഴുക്കില്‍ പാലത്തിന്‍റെ ഇരുവശത്തുമുള്ള കെട്ട് തകരുകയും മുകള്‍ ഭാഗത്ത് ഗര്‍ത്തം രൂപം ചെയ്തത് കൊണ്ട് യാത്ര സാധ്യമല്ലാതായി നാട്ടുകാർ പറയുന്നു. പാലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി.
എന്നാല്‍ തുടര്‍ നിര്‍മാണ ജോലികള്‍ ഒന്നും പിന്നീട് നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നു. അപ്‌സരകുന്ന് ഭാഗത്ത് നിന്നുള്ളവര്‍ക്ക് ടൗണിലെ സെന്‍റര്‍ ജംഗ്ഷനിലെത്താതെ എളുപ്പത്തില്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍ ഭാഗത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്ന പാലമാണ് തകര്‍ന്ന് കിടക്കുന്നത്. സെന്‍റര്‍ ജംഗ്ഷനില്‍ ഏതെങ്കിലും വിധത്തിലുള്ള ഗതാഗത പ്രശ്‌നമുണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ച് വിടാനും ഈ ബൈപ്പാസ് റോഡ് സഹായകരമായിരുന്നു. ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിച്ച് പാലം സഞ്ചാരയോഗ്യമാക്കി റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.