ഇടുക്കി: ജില്ലയിലെ പ്രധാന റോഡുകളിലെ ഇടുങ്ങിയ പാലങ്ങൾ അപകടകെണിയാകുന്നു. വീതി കുറഞ്ഞതും കൈവരികൾ നശിച്ചു കാലപ്പഴക്കം ചെന്നതുമായ നിരവധി പാലങ്ങളാണ് ജില്ലയിലുള്ളത്. റോഡുകൾ വീതി കൂട്ടി നിർമിക്കുന്നതിനൊപ്പം പാലങ്ങൾ പുനർനിർമിക്കുവാൻ നടപടിയില്ലാതാവുന്നതോടെ ചെറുപാലങ്ങളിൽ വാഹങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുകയാണ്.
കഴിഞ്ഞ ദിവസം രാജാക്കാട്‌കുത്തുങ്കൽ - ചെമ്മണ്ണാർ പാലത്തിൽ നിന്നും ചരക്കു ലോറി പുഴയിലേക്ക് മറിഞ്ഞിരുന്നു. തമിഴ്‌നാട് കമ്പത്തു നിന്നും ഇരുമ്പ് പൈപ്പു കയറ്റി മൂന്നാറിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയാണ് അപകടത്തിൽ പെട്ടത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വന്ന ലോറി ഇടുങ്ങിയ പാലത്തിലേക്ക് പ്രവേശിച്ചതോടെ നിയന്ത്രണം നഷ്ട്ടപ്പെട്ടു പുഴയിലേക്ക് മറിഞ്ഞു.
ഓടി കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടു പേരെയും രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പാലം പൊളിച്ചു മാറ്റാതെ പഴയ പാലം അതു പടി നിലനിർത്തിയാണ് റോഡ് നിർമാണം നടത്തിയതെന്നും, വീതി കൂട്ടി പാലം പുനര്‍ നിർമിക്കാത്തതാണ് അപകട കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു.
മൂന്നാർ കുമളി സംസ്ഥന പാതയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്. വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ പതിമൂന്നോളം കലിങ്കുകളും പാലങ്ങളുമാണ് പാതയിലുള്ളത്. വർഷങ്ങൾക്കു മുൻപ് ചതുരംഗപ്പാറക്ക് സമീപത്തുള്ള പാലത്തിൽ വാഹനം അപകടത്തിൽ പെട്ട് രാജകുമാരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ മരണപ്പെട്ടിരുന്നു.
also read: ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ
രണ്ട് മാസങ്ങൾക്കു മുൻപ് ശാന്തൻപാറടൗണിന് സമീപത്തെ പാലത്തിൽ നിന്നും വാഹനം പുഴയിലേക്ക് പതിച്ചിരുന്നു. അപകടങ്ങൾ തുടർ കഥയാകുമ്പോഴും കലപ്പഴക്കം ചെന്ന പാലങ്ങളുടെ പുനര്‍ നിർമാണത്തിനുള്ള നടപടികളിൽ അധികൃതർ മൗനം പാലിക്കുകയാണ്.