ഇടുക്കി: നെടുങ്കണ്ടം കിഴക്കേകവല മുതൽ ബിഎഡ് ജംഗ്ഷൻ വരെയുള്ള പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങളും സൗന്ദര്യവത്കരണവും നടന്നു. അപകടകരമായ രീതിയിൽ വളർന്നിരുന്ന കുറ്റിക്കാടുകൾ വെട്ടി മാറ്റി ഡിവൈഡറിന് സമീപം പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. നാട്ടുകാരുടെ നിരന്തരമായ പരാതിക്കാണ് ഇതിലൂടെ അവസാനമാകുന്നത്.
സംസ്ഥാന പാതയിൽ നെടുങ്കണ്ടം ടൗണിൽ ബിഎഡ് സെന്‍റർ ജംഗ്ഷൻ മുതൽ കിഴക്കേകവല പോലീസ് സ്റ്റേഷന് സമീപം വരെയുള്ള ഡിവൈഡറിന് മുകളിലൂടെ വൻതോതിൽ കാട് വളർന്ന് നിന്നിരുന്നു. വാഹനങ്ങൾ ഇതിലേക്ക് പാഞ്ഞ് കയറി അപകടങ്ങളും നിത്യ സംഭവമായ സാഹചര്യത്തിലാണ് പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയത്.
READ MORE: ഇടുക്കിയിലെ കെ.എസ്.ഇ.ബി ഭൂമി വീണ്ടും കയ്യേറി
നെടുങ്കണ്ടം പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ നജ്‌മ സജുവിൻ്റെ നേതൃത്വത്തിലാണ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഡിവൈഡറുകൾക്ക് സമീപം വൻതോതിലുണ്ടായ കുറ്റിച്ചെടികൾ കാടും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വെട്ടിമാറ്റി. ഇവിടെ പൂച്ചെടികൾ അടക്കമുള്ളവ നട്ടുപരിപാലിക്കുവാനാണ് തീരുമാനം.
വരും ദിവസങ്ങളിൽ കല്ലാർ, താന്നിമൂട്, നെടുങ്കണ്ടം കിഴക്കേ കവല ഭാഗങ്ങളിൽ ഇടവഴികൾ, പഞ്ചായത്ത് റോഡുകൾ തുടങ്ങിയവയിലും സമാനരീതിയിലുള്ള പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.