ഇടുക്കി: പതിനഞ്ച് ദിവസം കൊണ്ട് ക്ലാർനെറ്റ് വായിക്കാൻ പഠിച്ച് കാലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിയുമോ? ആത്മവിശ്വാസമുണ്ടങ്കിൽ അതിന് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൊച്ച് മിടുക്കി. ഇടുക്കി ജില്ല കലോത്സവത്തിനെത്തിയ ആ മിടുക്കിയാണ് ടിസ മരിയ ആന്‍റണി. അടിമാലി ഫാത്തിമ മാതാ ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി.
വെറും 15 ദിവസം കൊണ്ടാണ് ടിസ ക്ലാർനെറ്റ് വായിക്കാൻ പഠിച്ചത് (Plus one student studied clarinet in fifteen days). തൃശൂർ സ്നേഹ രാഗം ബാൻഡ് ഗ്രൂപ്പിലെ ക്ലാർനെറ്റ് വായിക്കുന്നയാളാണ് ടിസയുടെ അച്ഛൻ അഗസ്‌തി. അധ്യാപകരുടെ നിർദേശ പ്രകാരം അഗസ്‌തിയാണ് മകളെ ക്ലാർനെറ്റ് പരിശീലിപ്പിച്ചത്. വെറും രണ്ട് ദിവസത്തെ പരിശീലനം കൊണ്ട് ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. അവിടെ നിന്നും ലഭിച്ച ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് റവന്യൂ ജില്ല കലോത്സവത്തിലും ഒന്നാം സ്ഥാനത്തെത്തിയത്.
സംസ്ഥാന കലോത്സവത്തിനായുള്ള ഒരുക്കങ്ങളും പരിശീലനവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും ഒന്നാം സ്ഥാനത്തോടെ തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും അഗസ്‌തി പറഞ്ഞു. പരിശീലകനായ അച്ഛനും അമ്മക്കും നാല് സഹോദരങ്ങൾക്കും ഒപ്പമാണ് ടിസ മത്സരത്തിനായി കട്ടപ്പനയിൽ എത്തിയത്.