ഇടുക്കി: സിനിമയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ ആളെ കട്ടപ്പന പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ എന്ന ആളെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്‌തത്. കോഴിമല സ്വദേശിയായ യുവതിയെ സിനിമയിൽ ജോലി വാങ്ങിക്കൊടുക്കാം എന്നും വീട് വയ്ക്കാൻ സഹായം വാഗ്‌ദാനം ചെയ്‌തും പറഞ്ഞു പറ്റിച്ച് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഇയാൾ ഇതിനുമുൻപും തിരുവനന്തപുരം പാറശ്ശാല, പോത്തൻകോട്, തൃശ്ശൂർ ഈസ്റ്റ്, എറണാകുളം ചേരാനല്ലൂർ എന്നീ ഭാഗങ്ങളിൽ നിരവധി യുവതികളെ സിനിമ മേഖലയിൽ ജോലി വാഗ്‌ദാനം ചെയ്‌തു പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്‌തതിന് കേസുകൾ നിലവിലുണ്ട്. കൃത്യത്തിനു ശേഷം തമിഴ്‌നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി കറങ്ങി നടന്ന് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയതായി ഇടുക്കി ജില്ല പൊലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ് മോന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
കട്ടപ്പന എസ്ഐ മാരായ മോനിച്ചൻ എം.പി, ഡിജു ജോസഫ്, എസ്‌സിപിഒ സുമേഷ് തങ്കപ്പൻ എന്നിവർ അടങ്ങിയ സംഘം തിരുവനന്തപുരത്തുള്ള പ്രതിയുടെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. ഇനിയും കേരളത്തിലുള്ള വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇയാൾ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടാവാൻ ഇടയുണ്ടെന്നും കേസിൽ കൂടുതൽ കുറ്റവാളികള്‍ അടങ്ങിയിട്ടുണ്ടാവാം എന്നും അതിലേക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്നും കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ് മോൻ അറിയിച്ചു.
Also Read: ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ സംഭവം: വ്യാജ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ റിമാന്‍ഡില്‍
അടുത്തിടെ വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ വനിതയെ കട്ടപ്പന പൊലീസ് പിടികൂടിയിരുന്നു. ഇടുക്കി കാഞ്ചിയാര്‍ സ്വദേശി സിന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോഴിമല സ്വദേശിനിയായ ഷൈനിയെന്ന യുവതിയില്‍ നിന്നും സിന്ധു ഒന്നര ലക്ഷം രൂപയാണ് രണ്ട് തവണയായി വാങ്ങിയിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പരാതിക്കാരി സിന്ധുവിനെ സമീപിച്ചത്.
പണമടച്ചാല്‍ ഒരു മാസത്തിനകം കുവൈറ്റിലേക്ക് പോകാമെന്നായിരുന്നു വാഗ്‌ദാനം. ഹോം നേഴ്‌സ് ജോലിയും പറഞ്ഞുറപ്പിച്ചിരുന്നു. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും പുരോഗതി ഒന്നുമുണ്ടാകാതെ വന്നതിനെ തുടര്‍ന്ന് ഷൈനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രതി നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് ഷൈനി പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിന് പിന്നാലെ സിന്ധു കോഴിക്കോട്, വയനാട് സ്വദേശികളുടെ പക്കല്‍ നിന്നും സമാനമായ രീതിയില്‍ പ്രതി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Also Read: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിപ്പ്; വ്യത്യസ്‌ത കേസുകളിൽ ഇടുക്കിയിൽ രണ്ട് പേർ പിടിയിൽ