ഇടുക്കി : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'ചുരുളി'യിലെ തെറിവിളികളെക്കുറിച്ച് ചര്‍ച്ച പുരോഗമിക്കുമ്പോള്‍ സിനിമക്കെതിരെ സാംസ്‌കാരികമന്ത്രി സജി ചെറിയാന് പരാതി നല്‍കാനൊരുങ്ങി ചുരുളി നിവാസികള്‍.
സിനിമയില്‍ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കര്‍ഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും ഇവിടത്തുകാര്‍ ആരോപിക്കുന്നു.
Churuli residents against Churuli movie : ഒരു മദ്യശാല പോലുമില്ലാത്ത ചുരുളി ഗ്രാമത്തിന്‍റെ മുഖഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റിലീസായതിന് പിന്നാലെ വിവാദങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് മറ്റ് നാട്ടിലുള്ളവരും വിദേശത്തുള്ളവരും ചോദിച്ചുതുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു.
Also Read: Churuli | ഒടിടിയിലെ 'ചുരുളി' സെന്‍സര്‍ ചെയ്‌ത പതിപ്പല്ലെന്ന് ബോര്‍ഡ്
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ചുരുളിയെന്ന ഗ്രാമം. ഇവിടെ കള്ളുഷാപ്പോ, വാറ്റോ ഇല്ലെന്നും അസഭ്യം പറയുന്ന സംസ്‌കാരമല്ല തങ്ങളുടേതെന്നും ഇവര്‍ പറയുന്നു.ദുരൂഹത നിറഞ്ഞ പ്രദേശമല്ല. ഇവിടെ കുറ്റവാളികളുമില്ലെന്നും ഇവര്‍ വിശദീകരിക്കുന്നു.
കുടിയേറ്റ കര്‍ഷകരുടെ ഭൂമിയാണ് യഥാര്‍ഥ ചുരുളി. 1960കളില്‍ കുടിയേറിയ കര്‍ഷകരെ ഒഴിപ്പിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കര്‍ഷകരെ ഒഴിപ്പിക്കാന്‍ അന്ന് പൊലീസ് നടപടിയുണ്ടായി. അന്ന് കര്‍ഷകര്‍ ഒറ്റക്കെട്ടായ നടത്തിയ നിരാഹാര സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമുടക്കി.ഇതോടെ ആരും കുടിയിറക്കപ്പെട്ടില്ല. അങ്ങനെയാണ് ചുരുളി ഇന്നത്തെ നിലയിലാകുന്നത്.