ഇടുക്കി : ഇനിയും കണ്ടു തീരാത്ത മനോഹര കാഴ്‌ചകളുടെ ഉറവവറ്റാത്ത സുന്ദര ലോകമാണ് ഇടുക്കി. മനസും ശരീരവും ഒരു പോലെ ആഗ്രഹിക്കുന്ന ഒരു യാത്രയ്ക്കും കാഴ്‌ചയ്‌ക്കും അവസരമൊരുക്കുകയാണ് ഇടുക്കിയിലെ ചുനയംമാക്കൽ വെള്ളച്ചാട്ടവും പഴയരിക്കണ്ടം കുരിശുമലയും.
രൗദ്രഭാവത്തിൽ കുത്തിയൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം ആരെയും ആകർഷിക്കും. സദാസമയവും വീശി അടിക്കുന്ന തണുത്ത കാറ്റാണ് കുരിശുമലയിലേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. ഡി.ടി.പി.സിയുടെ ശ്രീനാരായണപുരം വിനോദസഞ്ചാര കേന്ദ്രത്തിനോട് ചേർന്നാണ് സാഹസികരെ ആകർഷിക്കുന്ന ചുനയംമാക്കൽ വെള്ളച്ചാട്ടം. ഉയരം കുറഞ്ഞ വെള്ളച്ചാട്ടമാണെണെങ്കിലും ഭംഗിയ്ക്ക് ഒട്ടും കുറവില്ല.
ആനച്ചാലിൽ നിന്നും ജീപ്പ് സവാരി
പരന്ന് ഒഴുക്കുന്ന വെള്ളച്ചാട്ടം മുതിരപ്പുഴയാറായി മാറുകയാണ്. പുഴയോട് ചേർന്ന് നിൽക്കുന്ന തണൽ മരങ്ങൾക്ക് മുകളിലൂടെ വെള്ളത്തുള്ളികൾ മഞ്ഞുകണങ്ങൾ പോലെ കാറ്റിനൊപ്പം സഞ്ചരിക്കുന്നത് നയനമനോഹര കാഴ്‌ചയാണ്. വെള്ളം കുറവുള്ള സമയങ്ങളിൽ പാറയിടുക്കുകളിലൂടെ സാഹസികമായി സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന് അടിയിലെത്താം.
വെള്ളത്തൂവൽ പഞ്ചായത്തിലെ എല്ലക്കല്ലിൽ നിന്നും പോത്തുപാറ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിൽ എത്താം. പഞ്ചായത്ത് റോഡിൽ നിന്നിറങ്ങി സ്വകാര്യ വ്യക്‌തികളുടെ കൃഷി ഭൂമിയിലൂടെ സഞ്ചരിച്ചുവേണം ഇവിടെ എത്തിച്ചേരാന്‍. ആനച്ചാലിൽ നിന്നും ജീപ്പ് സവാരിയിലൂടെയാണ് ശ്രീനാരായണപുരത്ത് എത്തുന്നത്.
പഴയരി കണ്ടം റീത്ത് പള്ളിപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ ദൂരമാണ് പഴയരിക്കണ്ടം കുരിശുമലയിലേക്ക്. മീനൊളിയാൻ പാറ, മലയെണ്ണാമല, പാൽക്കുളംമേട് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദൂരക്കാഴ്‌ച എന്നിവ പ്രദേശത്തെ പ്രധാന ആകർഷണങ്ങളാണ്.
കാഴ്ചകളുണ്ട്, സൗകര്യങ്ങളില്ല
പഴയരിക്കണ്ടത്തിന്‍റെ സമതലക്കാഴ്ച്ചകളും സഞ്ചാരികളെ വിസ്‌മയിപ്പിക്കുകയാണ്. കൊവിഡ് വ്യാപനം മാറി സഞ്ചാരികള്‍ കൂടുതലായി എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.