ഇടുക്കി: നാല് വർഷത്തോളമായി പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതെ ദുരിതത്തിലായി ചിന്നക്കനാൽ നിവാസികൾ. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലയിലേക്ക് മുൻപ് പത്തോളം ബസുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ 2018ൽ ദേശീയപാത നിർമാണം ആരംഭിച്ചതോടെ ഗ്യാപ്പ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ചിന്നക്കനാലിലേക്ക് എത്തിയിരുന്ന കെഎസ്ആർടിസി-സ്വകാര്യ സർവീസുകൾ എല്ലാം നിലച്ചു.
ഇതോടെ പൊതുഗതാഗതത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന ചിന്നക്കനാൽ നിവാസികളുടെ ജീവിതം ദുരിതത്തിലായി. ദിവസേന മൂന്നാറിലും പൂപ്പാറയിലും പോയി ജോലി നോക്കിയിരുന്ന സാധാരണക്കാരുടെ സ്ഥിതിയാണ് ഏറെ വിഷമത്തിലായത്. ചിന്നക്കനാൽ പഞ്ചായത്തിന് പുറത്ത് കടക്കണമെങ്കിൽ സ്വകാര്യ ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
25 രൂപ ബസ് യാത്രക്കൂലി നിലനിന്നിരുന്നിടത്ത് സ്വകാര്യ ടാക്‌സി വാഹനങ്ങൾ മൂന്നാറിലേക്കു പൂപ്പാറയിലേക്കും 100 രൂപയാണ് ഈടാക്കുന്നത്. മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജീവനക്കാരായിരുന്ന ചിന്നക്കനാൽ സ്വദേശികളിൽ പലരും യാത്രാച്ചിലവ് താങ്ങാനാകാതെ ജോലി ഉപേക്ഷിച്ചു.
ബസ് സർവീസ് നിലച്ചതോടെ പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ച് ചിന്നക്കനാൽ മേഖലയിൽ എത്തിയിരുന്ന സഞ്ചാരികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.
മൂന്ന് വർഷത്തിനുശേഷം ദേവികുളം ഗ്യാപ്പ് റോഡ് താൽക്കാലികമായി ഗതാഗതത്തിനു തുറന്നു കൊടുത്തെങ്കിലും നിലച്ച ബസ് സർവീസുകൾ ഇതുവരെ പുനരാരംഭിച്ചില്ല. റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ ചിന്നക്കനാൽ മേഖലയിലേക്ക് കെഎസ്ആർടിസി സർവീസുകൾ എങ്കിലും പുനരാരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.