ഇടുക്കി: ജില്ലയിൽ ബാലവേല തടയുന്നതിന് കർശന നടപടിയുമായി ജില്ലാ ഭരണകൂടവും പൊലീസും. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. ഇടുക്കിയിലെ തോട്ടം മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ച് ജോലി ചെയ്യിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തയെ തുടർന്നാണ് വ്യാപക പരിശോധനകൾ ആരംഭിച്ചത്.
ചൈൽഡ് ലൈൻ, ആർ.ടി.ഒ, ലേബർ ഡിപ്പാർട്ട്മെന്‍റ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിയ തൊഴിലാളി വാഹനത്തിൽ നിന്നും പ്രായ പൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. വിഷയത്തിൽ തമിഴ്‌നാട് പൊലീസ് പരിശോധന ആരംഭിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
പരിശോധന കർശനമാക്കി തമിഴ്‌നാട് പൊലീസും
കമ്പം മേട്ടിലും സംയുക്ത പരിശോധന നടത്തി. കമ്പംമെട്ട് വഴിയെത്തിയ തൊഴിലാളി വാഹനത്തിൽ കുട്ടികളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 18 വാഹനങ്ങൾ തമിഴ്‌നാട് പൊലീസ് അതിർത്തി കടക്കാൻ അനുവധിക്കാതെ തിരിച്ചയച്ചു. കുട്ടികളുമായിട്ടെത്തിയാൽ അതിർത്തി കടത്തി വിടില്ലെന്ന നിലപാടാണ് തമിഴ്‌നാട് പൊലീസ് സ്വീകരിക്കുന്നത്.
ഇടുക്കി എസ് പിയുടെ നിർദേശപ്രകാരം തോട്ടം മേഖലയിൽ നടത്തിയ പരിശോധനയിൽ രണ്ട് തോട്ടങ്ങളിൽ ബാലവേല കണ്ടെത്തുകയും തോട്ടം ഉടമകൾക്കെതിരെ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. അതേ സമയം തമിഴ്‌നാട്ടിലെ വീടുകളിൽ പെൺകുട്ടികൾ സുരക്ഷിതരല്ലാത്തതിനാലാണ് തങ്ങൾ കുട്ടികളെ ഒപ്പം കൂട്ടുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
എന്നാൽ ഇടുക്കിയിൽ ബാലവേലക്ക് പൂർണമായി തടയിടുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശക്തമായ നടപടികളുമായി മുമ്പോട്ട് പോകുമെന്നും ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കി.
രണ്ട് തോട്ടം ഉടമകൾക്കെതിരെ കേസ്
ഉടുമ്പന്‍ചോല താലൂക്കില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ ബാലവേല കണ്ടെത്തിയതിനെ തുടർന്ന് രണ്ട് തോട്ടം ഉടമകള്‍ക്കെതിരെ കേസെടുത്തു. നെടുങ്കണ്ടം ആനക്കല്ല് ചെട്ടിമറ്റം ഷാജു, പൊന്നാങ്കാണി പച്ചക്കാനം കൊച്ചുമോന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൗമാരക്കാരെ അപകടകരമായ ജോലിയില്‍ ഏര്‍പ്പെടുത്തിയതിനാണ് രണ്ട് തോട്ടം ഉടമകള്‍ക്കെതിരെ കേസെടുത്തത്.
15, 16 വയസ് പ്രായമുള്ള കൗമാരക്കാരെ, ഏലതോട്ടത്തില്‍ കീടനാശിനി തളിയ്ക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്യിപ്പിക്കുകയായിരുന്നു. ബുധനാഴ്‌ച ഇരുവരേയും വിളിച്ച് വരുത്തി മൊഴിയെടുക്കും. ചൈല്‍ഡ് ലൈനും നാളെ ഇരുവരുടെയും മൊഴി രേഖപെടുത്തും.
ഇടുക്കിയിലെ തോട്ടങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും കുട്ടികളും കൗമാരക്കാരും ജോലി ചെയ്യുന്നതായുള്ള വിവരം ലഭിച്ച സാഹചര്യത്തില്‍ ശക്തമായ പരിശോധനയ്ക്കാണ് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ പരിശോധന തുടരും.
READ MORE: ഇടുക്കിയിലെ ഏലത്തോട്ടങ്ങളില്‍ ബാലവേലയെന്ന് ആരോപണം