ഇടുക്കിയില്‍ എട്ടുവയസുകാരിക്ക് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം. ഹരിഹരപുരം സ്വദേശികളായ ദമ്പതികളുടെ മകൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പിതാവ് അസുഖം ബാധിച്ച് ഒന്നര വർഷക്കാലമായി കിടപ്പിലാണ്. നിലവില്‍ അനീഷാണ് ഈ വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാൽ അനീഷ് വീട്ടിൽ വരുന്നത് കുട്ടിക്ക് താൽപര്യമില്ലായിരുന്നു. വിവരം തന്‍റെ വല്യമ്മയോട് പറയുമെന്ന് കുട്ടി സൂചിപ്പിച്ചതോടെയാണ് അനീഷ് പെൺകുട്ടിയെ ചൂരൽ ഉപയോഗിച്ച് മർദ്ദിച്ചത്.
കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും അമ്മ പ്രതികരിക്കാനോ തടയാനോ തയ്യാറായില്ല. മർദ്ദനം സഹിക്കാതെ വന്നതോടെ കുട്ടി വിവരം വല്ല്യമ്മയേയും തുടർന്ന് പൊലീസിലും അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയിലും വൈദ്യപരിശോധനയിലും മർദ്ദനമേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.