ഇടുക്കി: ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചിക്കണംകുടി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യം. ആദിവാസി മേഖലകളിലെ കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നവരിൽ ഭൂരിഭാഗവും. എല്‍.പി സ്‌കൂള്‍ പഠനത്തിന് ശേഷം ഈ വിദ്യാർഥികള്‍ കിലോമീറ്ററുകൾ ദൂരെയുള്ള മറ്റ് വിദ്യാലയങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വാഹന സൗകര്യത്തിൻ്റെ അപര്യാപ്‌തയാണ് പ്രധാന വെല്ലുവിളി.
ചിക്കണംകുടി, കള്ളക്കൂട്ടിക്കുടി, സിങ്ക്കുടി, പാറക്കുടി തുടങ്ങി ആദിവാസി മേഖലകൾക്ക് പുറമെ അമ്പതാംമൈല്‍, ആറാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വിദ്യാർഥികള്‍ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. നിലവില്‍ നാലാംക്ലാസ് വരെയുള്ള ഈ വിദ്യാലയം യു.പി സ്‌കൂളായി ഉയര്‍ത്തണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുന്നോട്ട് വക്കുന്ന നിർദേശം.
ആദിവാസി മേഖലകളിലെ വിദ്യാർഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചിക്കണംകുടി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനോടകം നൂറു കണക്കിന് വിദ്യാർഥികള്‍ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കുകയും ചെയ്‌തു. ചിക്കണംകുടി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂൾ ആയി ഉയർത്തിയാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും.