ഇടുക്കി: ഇടുക്കിയിൽ ഇറച്ചിക്കോഴി വില വർധിക്കുന്നു. ഒരാഴ്‌ചക്കിടെയിൽ വർധിച്ചത് 50 രൂപയിലധികം. ഇറച്ചിക്കോഴി ഉൽപാദനം കുറഞ്ഞതാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ.
ലോക്ക് ഡൗണിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഇടുക്കിയിൽ ഇറച്ചിക്കോഴി വില 28 രൂപയായി താഴ്ന്നിരുന്നു. എന്നാൽ ഇറച്ചിക്കോഴികളുടെ വരവ് കുറഞ്ഞതോടെ വില 155 ആയി ഉയർന്നു. തീറ്റ ലഭിക്കാത്തതോടെ കർഷകർ ഇറച്ചിക്കോഴി ഉൽപാദനം കുറച്ചു. മിക്കവരും കൃഷി ഉപേക്ഷിച്ചു. ഇതോടെയാണ് നിലവിൽ ഫാമുകളിലുള്ള കോഴികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായത്.
വില ഉയരുന്നത് വ്യാപാരികൾക്ക് ലാഭകരമല്ലെന്നും, കർഷകർക്കാണ് ഉപകാരപ്പെടുന്നതെന്നുമാണ് കട ഉടമകൾ പറയുന്നത്. മൊത്തക്കച്ചവടക്കാരാണ് കോഴി വില നിയന്ത്രിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇറച്ചികോഴി വിലക്ക് 87 രൂപ അടിസ്ഥാന വില നിശ്ചയിച്ച സർക്കാർ ഉത്തരവും, ഭക്ഷ്യ ഉൽപന്നങ്ങളുടെ കൊള്ളലാഭം നിയന്ത്രിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവും ജില്ലയിൽ നടപ്പാക്കുന്നില്ലെന്നും ആരോപണമുണ്ട്.