ഇടുക്കി: കുരുന്നുപ്രായത്തില്‍ ചെണ്ടയില്‍ താളത്തിന്‍റെ മേളപ്പെരുക്കം തീര്‍ക്കുകയാണ് പൊന്മുടി സെന്‍റ് മേരീസ് പബ്ലിക് സ്‌കൂളിലെ ഒരു പറ്റം കുരുന്നുകള്‍. ചെണ്ടയില്‍ കമ്പമുള്ള കുരുന്നു സംഘം തീര്‍ക്കുന്ന ചെണ്ടമേളം ആരെയും അതിശയിപ്പിക്കുന്നതാണ്. ഇതിനോടകം കുരുന്നുകള്‍ വിവിധ പള്ളികളിലും ക്ഷേത്രങ്ങളിലും താളമേളമൊരുക്കി ആസ്വാദകരുടെ മനം കവര്‍ന്നു കഴിഞ്ഞു. കാമാക്ഷി സ്വദേശി ഷാജി ഗോപാലിന്‍റെ ശിക്ഷണത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി പൊന്മുടി സെന്‍റ് മേരീസ് പബ്ലിക് സ്‌കൂളിലെ മുപ്പത്തഞ്ചോളം കുരുന്നുകള്‍ ചെണ്ടകൊട്ടഭ്യസിക്കുകയാണ്.
പൂര്‍വ വിദ്യാര്‍ഥികളായ പതിനഞ്ചോളം കുരുന്നുകള്‍ ചെണ്ടമേളം പഠിച്ച് വിദ്യാലയത്തില്‍ നിന്നും പടിയിറങ്ങി കഴിഞ്ഞു. ചെണ്ട അഭ്യസിക്കുന്ന കുരുന്നുകളത്രയും മേളത്തില്‍ കമ്പമുള്ളവരാണ്. ഇവര്‍ തീര്‍ക്കുന്ന മേളത്തിന് താളത്തിന്‍റെ അകമ്പടിയുണ്ട്. കുരുന്നുകളുടെ ചെണ്ടമേളത്തിന് മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ പിന്തുണയാണ്. ചെണ്ടയില്‍ കോരിത്തരിപ്പിക്കും താളപ്പെരുമ തീര്‍ക്കണമെന്ന ആഗ്രഹമുള്ളവരാണ് കുരുന്നുകളിലേറെയും. സ്‌കൂളില്‍ മാത്രമല്ല പള്ളിപെരുന്നാളുകളിലും ഉത്സവങ്ങളിലും താളമൊരുക്കി കുരുന്നുകള്‍ ആസ്വാദകരുടെ മനം കവര്‍ന്നു കഴിഞ്ഞു. കുരുന്നുകള്‍ക്ക് പ്രോത്സാഹനവുമായി സ്‌കൂളിലെ പ്രധാനാധ്യാപിക എല്‍സാ ടോമും സ്‌കൂള്‍ മാനേജര്‍ ജോര്‍ജ്ജ് നല്ലുകുന്നേലും ഒപ്പമുണ്ട്.