ഇടുക്കി: ചീയപ്പാറ വെള്ളച്ചാട്ടത്തിന് വനംവകുപ്പ് സുരക്ഷാ വേലി നിർമ്മിച്ചു. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തിയേറുന്നതിനാൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ വെള്ളച്ചാട്ടം. മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾ നേര്യമംഗലം വനമേഖലയിലെ ഈ ചെറിയ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുകയും, വിശ്രമിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലത്തത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇതിനെ തുടർന്നാണ് ചീയപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ വനംവകുപ്പ് സുരക്ഷാ വേലി നിർമ്മിച്ചത്.
ഇനിമുതൽ ദേശീയപാതയിൽ നിന്ന് മാത്രമേ വെള്ളച്ചാട്ടം ആസ്വദിക്കാൻ കഴിയൂ. എന്നാൽ നേര്യമംഗലം വന മേഖലയിലെ രണ്ടാം മൈയിലിലും, കല്യാണ പാറയിലും സമാന വേലികൾ തീർത്തത് വനംവകുപ്പിനെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് പരാതി ഉണ്ട്.