ഇടുക്കി: ഇടമലക്കുടിയിലെ ശൈശവ വിവാഹത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു. 16കാരിയെ വിവാഹം ചെയ്‌ത 47കാരൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഒരു മാസം മുമ്പാണ് ഇടമലക്കുടിയിൽ ശൈശവ വിവാഹം നടന്നത്. ഗോത്രാചാര പ്രകാരം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പുടവ കൊടുത്താൽ വിവാഹം നടന്നു എന്നാണ് സങ്കല്‍പം. വിവാഹത്തെ കുറിച്ച് ശിശു സംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ കുടിയിലെത്തി പരിശോധന നടത്തിയതിൽ നിന്ന് വിവാഹം നടന്നതായി കണ്ടെത്തിയിരുന്നു.
ഗോത്രാചാരപ്രകാരമേ വിവാഹം നടന്നിട്ടുള്ളെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നുമാണ് മാതാപിതാക്കള്‍ മൊഴി നൽകിയത്. തുടർന്ന് ശിശു സംരക്ഷണ സമിതി സിഡബ്ല്യുസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ സിഡബ്ല്യുസി പൊലീസിന് നിർദേശം നൽകി.
ഇതിനെ തുടർന്നാണ് മൂന്നാർ പൊലീസ് ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയത്. 47കാരനായ ഇടമലക്കുടി സ്വദേശി രാമനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. പെൺകുട്ടിയിപ്പോള്‍ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണയിലാണ്.