ഇടുക്കി: സഹകരണ മേഖലയുടെ മേൽനോട്ടത്തിൽ നടന്ന് വരുന്ന കെയർ ഹോം പദ്ധതി പ്രളയ പുനർനിർമാണത്തിന് കരുത്താകുന്നു. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം ഇടുക്കിയില്‍ നിരവധി കുടുംബങ്ങളുടെ കിടപ്പാടമില്ലാതാക്കി. പ്രളയം നാശം വിതച്ചിട്ട് ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ സഹകരണ മേഖലയുടെ മേല്‍നോട്ടത്തില്‍ നടന്ന് വരുന്ന കെയര്‍ ഹോം പദ്ധതി നിരവധി കുടുംബങ്ങള്‍ക്ക് തണലാവുകയാണ്. ദേവികുളം താലൂക്കില്‍ മാത്രം ഇത് വരെ നാല് ഘട്ടങ്ങളിലായി 31 വീടുകള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ശേഷിക്കുന്ന പത്ത് വീടുകളുടെ നിര്‍മാണം പുരോഗമിച്ച് വരികയാണ്. എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും തലചായ്ക്കാന്‍ ഒരിടമുണ്ടായതിന്‍റെ സന്തോഷം കുടുംബങ്ങള്‍ പങ്കുവെച്ചു.
വെള്ളത്തൂവല്‍ സര്‍വീസ് സഹകരണ ബാങ്ക് പത്തും അടിമാലി സര്‍വീസ് സഹകരണ ബാങ്ക് എട്ടും കല്ലാര്‍ സഹകരണ ബാങ്ക് ആറും ദേവികുളം എഡിബി ആറും മാങ്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് രണ്ടും വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്. ഇതുകൂടാതെ ഇടുക്കി സഹകരണ വകുപ്പ് സംഘവും അടിമാലി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സംഘവും ഒരോ വീടുകളുടെ നിര്‍മാണം ഏറ്റെടുത്തിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളില്‍ കുടുംബങ്ങള്‍ താമസമാരംഭിച്ച് കഴിഞ്ഞു. ഇടുക്കിയില്‍ ഇതുവരെ 141 വീടുകള്‍ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചതായാണ് കണക്ക്.