ഇടുക്കി: ഏലക്കാവിപണിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വിലയിടിവിനെ തുടർന്ന് ഹൈറേഞ്ചിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. 1100ഓളം രൂപയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശരാശരി വില. നാളുകള്‍ക്ക് മുമ്പ് വിപണിയില്‍ 5000ത്തിനടുത്ത് നിന്നിരുന്ന വില ക്രമേണ കൂപ്പുകുത്തി ഇപ്പോഴത്തെ നിലയിലെത്തുകയായിരുന്നു.
ഹൈറേഞ്ചിലെ നല്ലൊരു വിഭാഗം കര്‍ഷകരുടെയും പ്രധാന വരുമാന മാര്‍ഗമാണ് ഏലം കൃഷി. തുടര്‍ച്ചയായി വിപണിയിലുണ്ടാകുന്ന വിലയിടിവ് ഏലം കര്‍ഷകരെ കടുത്ത നിരാശയിലാഴ്ത്തുന്നതാണ്. നാളുകള്‍ക്ക് മുമ്പ് ഏലയ്‌ക്ക് വിപണിയില്‍ 5000ത്തിനടുത്ത് വിലയുണ്ടായിരുന്നു. എന്നാല്‍ ഇത് ക്രമേണ താഴ്ന്ന് 1100ൽ എത്തി. പുതിയ സീസണില്‍ കായെടുപ്പ് ആരംഭിച്ചാല്‍ വിലയില്‍ ഇനിയും ഇടിവുണ്ടാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
വേനല്‍ ആരംഭിക്കുന്നതോടെ ഏലം വിലയില്‍ വര്‍ധനവ് ഉണ്ടാവുക പതിവായിരുന്നെങ്കില്‍ ഇത്തവണ അതുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വില ഉയരുമെന്ന പ്രതീക്ഷയില്‍ ഏലക്ക സംഭരിച്ച് വച്ച കര്‍ഷകരും ധാരാളമുണ്ട്. നാളുകള്‍ക്ക് മുമ്പ് ഏലക്കയ്ക്ക് മികച്ച വില ലഭിച്ചതോടെ ഹൈറേഞ്ചില്‍ കര്‍ഷകര്‍ കൂടുതലായി ഏലം കൃഷിയിലേക്ക് തിരിഞ്ഞു. ഇനിയും വിലയിടിഞ്ഞാല്‍ വളവും കീടനാശിനിയും പണിക്കൂലിയുമുള്‍പ്പെടെയുള്ള പരിപാലന ചിലവ് ചെറുകിട കര്‍ഷകര്‍ക്ക് അധിക ബാധ്യതയായി മാറും.