ഇടുക്കി: നീണ്ട കാത്തിരിപ്പിനൊടുവിൽ ഏലത്തിന് നേരിയ തോതിൽ വില ഉയർന്നു. ലേല കേന്ദ്രങ്ങളിൽ ഏതാനും ദിവസങ്ങളായി ഒരു കിലോ ഏലക്കായ്‌ക്ക് ശരാശരി 1000 രൂപ രേഖപ്പെടുത്തി. എന്നാൽ ഉത്‌പാദന കുറവ് ഇത്തവണ ഏലം കർഷകർക്ക് തിരിച്ചടിയാകും. കായ് പിടിക്കാത്തതും വിളവ് മോശമായതുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.
ഏലയ്‌ക്ക വില കഴിഞ്ഞ ദിവസം മുതല്‍ ശരാശരി 1000ന് മുകളില്‍ എത്തിയിരുന്നു. ഏതാനും നാളുകളായി ഏലത്തിന് 700 രൂപയിൽ താഴെയായിരുന്നു വില. ഉത്‌പാദനക്കുറവിനൊപ്പം ഓണത്തോടനുബന്ധിച്ച് പ്രാദേശിക വിപണിയിൽ ആവശ്യക്കാർ ഏറിയതും ഏലം വില കൂടാൻ കാരണമായി.
ഉത്‌പാദനം കുറവായത് കൊണ്ട് തന്നേ ഏലയ്‌ക്ക വില വരും ദിവസങ്ങളിലും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാല്‍ കടുത്ത വേനലും തുടര്‍ന്നുണ്ടായ കാലാവസ്‌ഥ മാറ്റവും മൂലം ഉത്‌പാദനം തന്നെ കുറവായിരുന്നു. ഇതോടെ അപ്രതീക്ഷിതമായി വില ഉയര്‍ന്നിട്ടും പ്രയോജനം ലഭിക്കാത്ത അവസ്ഥയിലാണ് ഏലം കര്‍ഷകര്‍.