ഇടുക്കി: കര്‍ഷകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കി ഏലം വില വീണ്ടും കൂപ്പുകുത്തുന്നു. എല്ലാ കാര്‍ഷിക മേഖലയും പ്രതിസന്ധിയിലായപ്പോള്‍ ഹൈറേഞ്ചിന് കൈത്താങ്ങായ ഏലത്തിന് ഉയര്‍ന്ന വില ലഭിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏലം കയറ്റുമതി നിലച്ചതോടെ ഏലത്തിന്‍റെ വില ഇടിഞ്ഞു. നാലായിരത്തിന് മുകളില്‍ വിലയുണ്ടായിരുന്ന ഏലത്തിന് നിലവില്‍ ആയിരം രൂപയില്‍ താഴെയാണ് വില. നല്ല വില ഉണ്ടായിരുന്ന സമയത്ത് വ്യാപാരികള്‍ സംഭരിച്ച ഏലക്കാ കയറ്റി അയക്കുവാനും കഴിഞ്ഞില്ല. ഇതോടെ ലക്ഷങ്ങളുടെ ബാധ്യതയിലാണ് ഇവര്‍.
നിലവില്‍ ഏലക്കാ ലേലം പുനരാരംഭിച്ചെങ്കിലും കയറ്റുമതി വേണ്ടരീതിയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വന്‍തുക മുടക്കി സംഭരിച്ച ടണ്‍ കണക്കിന് ഏലക്കായാണ് വിറ്റഴിക്കാന്‍ കഴിയാതെ ഇരിക്കുന്നത്. ഏലത്തിന് ഇനിയും വില ഇടിയുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഏലത്തിന്‍റെ വില സ്ഥിരത ഉറപ്പാക്കുന്നതിന് സര്‍ക്കാരും സ്‌പൈസസ് ബോര്‍ഡും അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകരുടെയും വ്യാപാരികളുടെയും ആവശ്യം.