ഇടുക്കി: അടിമാലി കൂമ്പൻപാറ മഠംപടി ഭാഗത്ത് നടത്തിയ റെയ്ഡിൽ ഒരു കിലോയിലേറെ കഞ്ചാവും ഒമ്പത് ലിറ്റർ വ്യാജ മദ്യവും പിടികൂടി. ക്രിസ്‌മസ്- പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നാർകോട്ടിക് എൻഫോഴ്‌സ്മെന്‍റ് സ്‌ക്വാഡ് ഇന്നലെ അർധരാത്രി നടത്തിയ പരിശോധനക്കിടെയാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. പ്രതിയായ ഓടയ്ക്കാസിറ്റി കരയിൽ കാരയ്ക്കാട്ട് വീട്ടിൽ മനുമണി (28) രക്ഷപ്പെട്ടു.
കൂമ്പൻപാറയിൽ മനുമണി വാടകക്ക് താമസിക്കുന്ന വീട്ടിൽ തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് എക്സൈസ് ഷാഡോ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവും വ്യാജമദ്യവും കണ്ടെത്തുകയായിരുന്നു.
അര ലിറ്ററിന്‍റെ 18 കുപ്പി മദ്യമാണ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എംകെ പ്രസാദ് അറിയിച്ചു. ഇയാള്‍ക്കെതിരെ മുന്‍പും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.