ഇടുക്കി: കഞ്ചാവിന്‍റെ ആവശ്യക്കാരെ കോര്‍ത്തിണക്കി വാട്‌സ്ആപ്പ് ഗ്രൂപ്പ്. വണ്ടന്മേട് മേഖലയില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കൗമാരക്കാര്‍ അടക്കമുള്ളവര്‍ സംഘത്തിന്‍റെ കെണിയില്‍ അകപെട്ടിരുന്നു.
അഞ്ച് മുതല്‍ ഏഴ് ഗ്രാം വരെ ചെറുപൊതികളിലായാണ് കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. ഒരു പൊതിയ്ക്ക് അഞ്ഞൂറ് രൂപവരെ ഈടാക്കും. തമിഴ്‌നാട്ടില്‍ നിന്നും സമാന്തരപാതകളിലൂടെ കാല്‍നടയായാണ് കഞ്ചാവ് കേരളത്തിലേയ്ക്ക് പ്രതികള്‍ എത്തിച്ചിരുന്നത്. സംഭവത്തില്‍ വണ്ടന്‍മേട് ശിവന്‍കോളനി സരസ്വതി വിലാസത്തില്‍ രാംകുമാർ, പുളിയന്‍മല കുമരേശഭവനില്‍ അജിത്ത് എന്നിവരെ ഉടുമ്പന്‍ചോല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
Also read: മുട്ടിൽ മരംമുറി കേസ്; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്
കൂട്ടാളിയായ ലിജോ ഒളിവിലാണ്. രാംകുമാറിന്‍റെ പക്കല്‍ നിന്ന് 23 ഗ്രാം കഞ്ചാവും, ലിജോയുടെ കാറില്‍ നിന്ന് 123 ഗ്രാം കഞ്ചാവും കണ്ടെത്തി. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.