ഇടുക്കി: കേക്കുകളുടെ രുചിപ്പെരുമയുടെ കാലമാണ് ക്രിസ്‌മസ്. വിവിധ കമ്പനികളുടെ കേക്കുകൾ വിപണിയിലെത്തുമെങ്കിലും വണ്ടിപ്പെരിയാർ സ്വദേശിയായ സുശീലയുണ്ടാക്കുന്ന കേക്കിന് ആവശ്യക്കാർ ഏറെയാണ്. വര്‍ഷങ്ങളായി, പരമ്പരാഗത ശൈലിയില്‍, വൈവിധ്യമാര്‍ന്ന ചേരുവകള്‍ ചേര്‍ത്ത് സുശീലയൊരുക്കുന്ന കേക്കുകൾക്ക് വിപണിയിൽ വലിയ ഡിമാൻഡാണ്.
ആധുനിക യന്ത്ര സാമഗ്രികള്‍ കേക്ക് നിര്‍മാണ രംഗം കീഴടക്കിയെങ്കിലും പഴയ ബോര്‍മ്മ അടുപ്പിലാണ് സുശീല കേക്ക് പാകം ചെയ്യുന്നത്. ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി കേക്കുകള്‍ തയ്യാറാക്കാന്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സുശീല ഒരുക്കങ്ങള്‍ ആരംഭിക്കും. വണ്ടിപ്പെരിയാര്‍ സ്വകാര്യ ബേക്കറിയിലെ പരമ്പരാഗത ബോര്‍മ്മ അടുപ്പ് ക്രിസ്‌മസ് കാലത്ത് ഇവര്‍ക്ക് വിട്ടു നല്‍കും. ഇവിടെയാണ് കേക്ക് ഒരുക്കുക.
സവിശേഷമായ നിര്‍മാണ ശൈലി മൂലം കേക്കിന് ആവശ്യക്കാര്‍ ഏറെയാണ്. വൈനും പഴവര്‍ഗ്ഗങ്ങളുമൊക്കെ ചേര്‍ത്താണ്, രുചി വൈവിധ്യം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും, എല്ലാ വര്‍ഷവും സുശീല ഒരുക്കുന്ന കേക്കിന് ഓര്‍ഡര്‍ ലഭിക്കാറുണ്ട്.
പ്രായം 67-ല്‍ എത്തിയെങ്കിലും ജോലിക്കാരുടെ സഹായമില്ലാതെയാണ് കേക്ക് നിര്‍മാണം. ഓര്‍ഡര്‍ അനുസരിച്ച്, 500 കേക്കുകള്‍ വരെയാണ് ഓരോ വര്‍ഷവും ഇവര്‍ തയ്യാറാക്കുക.