ഇടുക്കി : ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കി സമര മുഖത്തേയ്ക്ക്. ജൂൺ 10ന് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹർത്താലിന്‍റെ ഭാഗമായി വ്യാഴാഴ്‌ച വൈകിട്ട് എല്‍ഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിയ്ക്കുമെന്നും എൽഡിഎഫ് ജില്ല നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബഫര്‍ സോണ്‍ പൂജ്യമായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കാണ് ജില്ലയില്‍ മുന്നണികൾ തയ്യാറെടുക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് എൽഡിഎഫിന്‍റെ ഹർത്താൽ. പാൽ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഗാഡ്‌ഗിൽ- കസ്‌തൂരിരംഗൻ റിപ്പോർട്ടുകളേയും കമ്മിഷനുകളേയും ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്‌സ്കേപ്പ് പദ്ധതികളേയും സമാനതകളില്ലാത്ത ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോൽപ്പിക്കണമെന്നും, മലയോര ജനതയുടെ ഐക്യദാർഢ്യം ഹർത്താൽ വിജയിപ്പിക്കുന്നതിലും ഉണ്ടാവണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
അതേസമയം സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 16-നാണ് യുഡിഎഫിന്‍റെ ഹർത്താൽ. കേന്ദ്രസർക്കാർ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
വന മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമായി സംരക്ഷിയ്ക്കണമെന്ന കോടതി ഉത്തരവ് കേരളത്തില്‍ ഏറ്റവും അധികം ബാധിയ്ക്കുന്നത് ഇടുക്കി ജില്ലയെയാണ്. നാല് ദേശീയ ഉദ്യാനങ്ങളും നാല് വന്യജീവി സങ്കേതങ്ങളും ജില്ലയിലുണ്ട്. കോടതി വിധി നടപ്പിലായാല്‍ ജില്ലയിലെ വലിയൊരു മേഖലയില്‍ ജനവാസം സാധ്യമല്ലാതാകും.