കോട്ടയം: പാമ്പാടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി വെള്ളൂർ സ്വദേശി രതീഷ് കുമാറിന്‍റെ ഒന്നര വയസ് പ്രായമുള്ള പോത്താണ് ചത്തത്. 15 ദിവസം മുമ്പ് പോത്തിനെ പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ കടിച്ചിരുന്നു.
ഇതിനെ തുടർന്ന് പോത്ത് ചികിത്സയിലായിരുന്നു. പാമ്പാടി മൃഗാശുപത്രിയിൽ നിന്നുള്ള ഡോക്‌ടർമാരുടെ പരിശോധനയിൽ പേവിഷബാധ പോത്തിനും സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോത്തിന്‍റെ ആരോഗ്യസ്ഥിതി ഏറെ മോശമാവുകയും വായിൽ നിന്ന് നുരയും പതയും അടക്കമുള്ള മറ്റു ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്‌തു.
ഇന്ന് രാവിലെയോടെ പോത്ത് ചത്തു. തുടൽ പൊട്ടിച്ചെത്തിയ വളർത്തുനായയാണ് പോത്തിനെ കടിച്ചതെന്ന് വീട്ടുടമസ്ഥർ പറയുന്നു. മറ്റ് മൃഗങ്ങളെയും നായ ആക്രമിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തി.
പൊലീസും, മറ്റ് അധികൃതരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പോത്തിന് പേവിഷബാധ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തും. പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.