ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാംമൈലിലെ പാലം പുനര്‍ നിര്‍മ്മിക്കാന്‍ ഇനിയും നടപടിയില്ല. പാലത്തിന്‍റെ തകര്‍ന്ന ഭാഗത്ത് താല്‍ക്കാലിക തടിപ്പാലമൊരുക്കിയാണ് നാട്ടുകാര്‍ സഞ്ചാരം സാധ്യമാക്കിയിട്ടുള്ളത്. ബന്ധപ്പെട്ടവര്‍ അടിയന്തിര ഇടപെടല്‍ നടത്തി പാലം പുനര്‍നിര്‍മ്മിച്ച് പ്രദേശവാസികളുടെ യാത്ര സുഗമമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.
അടിമാലി ഗ്രാമപഞ്ചായത്തിലെ 12-ാം മൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിച്ച് ദേവിയാര്‍ പുഴക്കു കുറുകെ നിര്‍മ്മിച്ചിരുന്ന പാലത്തിന്‍റെ മധ്യഭാഗം 2018ലെ പ്രളയത്തിലായിരുന്നു ഒഴുകി പോയത്. മെഴുകും ചാല്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലേക്കെത്തിയിരുന്നത് തകര്‍ന്ന ഈ പാലത്തിലൂടെയായിരുന്നു. പുതിയപാലം നിര്‍മ്മിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിട്ടും പാലം പുനര്‍ നിര്‍മ്മിക്കുന്നതിനോ യാത്രാ ക്ലേശം പരിഹരിക്കുന്നതിനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
also read: ഇടുക്കി കൂട്ടാര്‍ പാലത്തിന് കൈവരി നിര്‍മിക്കണമെന്ന ആവശ്യം ശക്തം
ഒഴുകി പോയ പാലത്തിന്‍റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ ചേര്‍ന്ന്് കമുക് വെട്ടിയിട്ട് താല്‍ക്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്. ഉറപ്പൊന്നുമില്ലാത്ത ഈ താല്‍ക്കാലിക സംവിധാനത്തിന് മുകളിലൂടെയാണ് പ്രായമായവരുടെയും കുട്ടികളുടെയും സത്രീകളുടെയുമെല്ലാം ഇപ്പോഴത്തെ യാത്ര.
കൈവരിപോലുമില്ലാത്ത ഈ പാലത്തില്‍ നിന്നും കാലൊന്ന് വഴുതിയാല്‍ അത് ദുരന്തത്തിന് വഴിയൊരുക്കും. കാലവര്‍ഷമാരംഭിച്ചതോടെ പുഴയിലെ ഒഴുക്ക് വര്‍ധിച്ചു. ബന്ധപ്പെട്ടവര്‍ അടിയന്തിര ഇടപെടല്‍ നടത്തി പാലം പുനര്‍നിര്‍മ്മിച്ച് പ്രദേശവാസികളുടെ യാത്ര സുഗമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.