ഇടുക്കി: കുഴൽക്കിണറിൽ കുട്ടികൾ വീഴുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പുതിയ മാർഗങ്ങൾ മുന്നോട്ടു വച്ച് നെടുങ്കണ്ടം സ്വദേശി ചാൾസ്. ഏകീകൃതമായ സുരക്ഷ നടപടി നിലവിലില്ലാത്ത സാഹചര്യത്തിൽ ദിവസങ്ങളോളം നീളുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ബദലായാണ് നൂതന രീതിയിലുള്ള രക്ഷ പ്രവർത്തന രീതികൾ ചാൾസ് മുന്നോട്ടു വക്കുന്നത്.
തമിഴ്‌നാട്ടിൽ നടന്ന കുഴൽക്കിണർ അപകട വാർത്ത ടെലിവിഷനിൽ കണ്ടതോടെയാണ് ഈ സ്ഥിതിക്ക് മാറ്റം വരണമെന്ന് ചാൾസ് ചിന്തിച്ചു തുടങ്ങുന്നത്. വിവിധ രീതികളിലായി റബര്‍ ട്യൂബുകളുടെയും പ്രത്യേക യന്ത്രത്തിന്‍റെയും സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനാവുമെന്ന് ചാള്‍സ് അവകാശപ്പെടുന്നു.
സുരക്ഷാ പദ്ധതികളെ സംബന്ധിക്കുന്ന രൂപരേഖ ചാൾസ് ഇതിനകം തമിഴ്‌നാട് സർക്കാരിന് സമർപ്പിച്ചു. തമിഴ്‌നാട് സർക്കാരിൽ നിന്ന് അനുകൂല നടപടി ലഭിച്ചിരിക്കുന്നതിനാൽ രൂപരേഖ ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ കൂടി ചാൾസ് പങ്കുവക്കുന്നുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെ ഇത് സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്‌നാട് സർക്കാരിന് സമർപ്പിച്ച രൂപരേഖയിൽ ഐ.ടി വകുപ്പും തിരുച്ചി കലക്‌ടറേറ്റും ഇതിനകം മറുപടി നൽകിയിട്ടുണ്ട്.
1. എയർട്യൂബ് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം
കുഴൽക്കിണറിന്‍റെ ഇരുവശങ്ങളിലേക്കും ആദ്യം സിലിണ്ടർ ആകൃതിയിലുള്ള എയർട്യൂബുകൾ ഇറക്കുക. എയർ ട്യൂബുകളുടെ സാന്നിധ്യത്തിൽ ഇരുവശങ്ങളിൽ നിന്നും കുഴൽക്കിണറിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നത് ഒഴിവാക്കാനാകും. തുടർന്ന് കുഴൽക്കിണറിന്‍റെ വശങ്ങളിൽ നിന്ന് മണ്ണ് മാറ്റുകയും എയർട്യൂബുകൾ പുറത്തെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താം.
2. റോപ്പും അഡ്ജസ്റ്റബിൾ ക്ലാംബ് ലോക്കും
റോപ്പും അഡ്ജസ്റ്റബിൾ ക്ലാംബ് ലോക്കും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കുന്നതാണ് രണ്ടാമത്തെ രീതി
3. ബോർവെൽ ഇൻസൈഡ് ബോറിങ് മെഷീൻ
ബോർവെൽ ഇൻസൈഡ് ബോറിങ് മെഷീൻ കുഴൽക്കിണറിലേക്ക് ഇറക്കുന്നു. കുട്ടി വീണ രീതിക്കനുസരിച്ച് ബോർവെൽ ഇൻസൈഡ് ബോറിങ് മെഷീൻ കിണറിന്‍റെ അകം പുറത്തേക്ക് കൂടുതൽ തുളക്കുന്നു. തുടർന്ന് കുട്ടിയെ പുറത്തെടുക്കുന്നതാണ് മൂന്നാമത്തെ രീതി.
4. എയർബോൾ ഉപയോഗിച്ച് ഫിക്സ് ചെയ്‌തുള്ള രീതി
കുഴൽക്കിണറിൽ വീണ കുട്ടിയുടെ താഴേക്കുള്ള ഭാഗത്തേക്ക് എയർബോൾ ഉപയോഗിച്ച് ആദ്യമേ ഫിക്‌സ് ചെയ്യുന്നു. തുടർന്ന് കുട്ടിയെ താഴേക്ക് വീഴാതെ പുറത്തെടുക്കുന്നതാണ് നാലാമത്തെ രീതി.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ വൈദഗ്‌ധ്യമുള്ള ചാള്‍സ്, ടെക്സ്റ്റയില്‍- എഞ്ചിനീയറിംഗ് മേഖലയിലാണ് മുന്‍പ് ജോലി നോക്കിയിരുന്നത്. നെടുങ്കണ്ടം മൈനര്‍ സിറ്റി സ്വദേശിയാണ് വെട്ടിക്കുഴിചാലില്‍ ചാള്‍സ്.
ALSO READ: കുഞ്ഞു സുര്‍ജിത്തിനായി പ്രാര്‍ഥനയോടെ തമിഴകം; ആഘോഷങ്ങളില്ലാത്ത ദീപാവലി